റോഡ് പൊളിക്കാനുള്ള അനുമതി; ഇനി വർഷത്തിൽ നാലു മാസം മാത്രം````

കുടിവെള്ള പൈപ്പിടാനും മറ്റും റോഡ് കുത്തി പൊളിക്കാൻ ഇനി സെപ്റ്റംബർ മുതൽ ഡിസംബർ വരെ മാത്രമേ അനുമതി നൽകൂ. അല്ലാത്ത സമയങ്ങളിൽ പൈപ്പ് ചോർച്ച പോലെയുള്ള അടിയന്തര പണികൾക്കു മാത്രം ഇളവ് നൽകും. പൊതു മരാമത്ത് സെക്രട്ടറിയുടേതാണ് ഉത്തരവ്.

ജനുവരി മുതൽ മേയ്‌ വരെ പൊതു മരാമത്തിന്റെ ജോലികൾ നടക്കുന്നതിനാലും ജൂൺ മുതൽ ഓഗസ്റ്റു വരെ മഴക്കാലം ആയതിനാലുമാണ് ജല അതോറിറ്റിക്ക് നാലു മാസം മാത്രം അനുവദിച്ചത്. പണിതിട്ട് ഒരു വർഷമായ റോഡുകൾ പൊളിക്കരുതെന്ന ഉത്തരവ് നിലവിലുണ്ട്.

ഭരണാനുമതിയുള്ളതും പണി നടന്നു കൊണ്ടിരിക്കുന്നതുമായ റോഡുകൾ ജല അതോറിറ്റിയുടെ ആവശ്യങ്ങൾക്കായി പൊളിച്ചാൽ പൊതു മരാമത്ത് വകുപ്പ് നന്നാക്കും. ജല അതോറിറ്റി പണം കെട്ടിവെക്കണം.

എന്നാൽ, പണി നടക്കാത്തതും പരിപാലന കാലാവധിയുള്ളതുമായ റോഡുകൾ കുത്തി പ്പൊളിച്ചാൽ അത് നേരെയാക്കേണ്ട ചുമതല ജല അതോറിറ്റിക്കാകും. പരിപാലനവും അവർ നിർവഹിക്കണം.

ഏതു നിലവാരത്തിലുള്ള റോഡാണോ അതേപോലെ പണി പൂർത്തിയാക്കണം. പി.ഡബ്ല്യു.ഡി. ഉദ്യോഗസ്ഥൻ മേൽനോട്ടം വഹിക്കണം. പരിശോധിച്ച് സർട്ടിഫിക്കറ്റും നൽകണം. റോഡോ പൈപ്പോ പൂർവസ്ഥിതിയിലാക്കുമ്പോൾ ഗുണനിലവാര പരിശോധനയും നിർബന്ധമാണ്. അതത് വകുപ്പുകൾ നിഷ്കർഷിക്കുന്ന രീതിയിലാകണം പണി.