*കടം വാങ്ങി ആൻവിയിൽ നിക്ഷേപിച്ചു; കബളിപ്പിക്കപ്പെട്ട് ആൾ ജീവനൊടുക്കി*

തിരുവനന്തപുരം: പുളിയറക്കോണത്ത് ആൻവി സൂപ്പർ മാർക്കറ്റ് തട്ടിപ്പിന് ഇരയായ ആൾ ജീവനൊടുക്കി. തട്ടിപ്പിനിരയായ പാലോട് സ്വദേശി അഭിലാഷാണ് ഈ മാസം നാലിന് ആത്മഹത്യ ചെയ്തത്. ആൻവി സൂപ്പർ മാർക്കറ്റ്, ആൻവിഗോ ആപ്പ് എന്നിവയുടെ പേരിൽ സംസ്ഥാന വ്യാപകമായി 22 കോടിയുടെ വൻ തട്ടിപ്പാണ് നടന്നത്. സ്വന്തമായി ഒരു ബിസിനസ്, അതായിരുന്നു പാലോട് സ്വദേശി അഭിലാഷിന്റെ സ്വപ്നം. മൈക്രോ ഫിനാൻസ് രംഗത്തെ ജോലി ഉപേക്ഷിച്ചാണ് അഭിലാഷ് ആൻവിഗോയിൽ 6 ലക്ഷം നിക്ഷേപിച്ചത്. ആൻവിഗോ ആപ്പിലൂടെ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്യുന്ന സർവീസ് നേടാനാണ് ആറ് ലക്ഷം മുടക്കിയത്. പലയിടത്തും നിന്നും കടം വാങ്ങിയ തുകയാണ് ആൻവിഗോയിൽ നിക്ഷേപിച്ചത്. കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെ ഒരുമുഴം കയറിൽ അഭിലാഷ് ജീവിതമവസാനിപ്പിച്ചു. രണ്ടുമാസം മുമ്പ് ബെംഗളൂരുവിൽ പിടിയിലായ സ്ഥാപന ഉടമ വി.എസ് വിപിൻ റിമാൻഡിലാണ്. സംസ്ഥാന വ്യാപകമായി 22 കോടി തട്ടിച്ചെന്നാണ് ഇയാൾക്കെതിരെയുളള കേസ്. പരാതിപ്പെട്ടവരുടെ മാത്രം കണക്കാണിത്. മാനഹാനി ഭയന്ന് പുറത്തു മിണ്ടാത്തവർ ഇതിലുമിരട്ടി വരുമെന്നാണ് വിവരം.