പത്തനംതിട്ട• മഴപുതപ്പുനീക്കി ശൈത്യകാലം തലനീട്ടിത്തുടങ്ങി. തണുപ്പും കുളിരും അരികെയുണ്ട്. പുനലൂരിൽ രാത്രി താപനില 18 ഡിഗ്രിയായി താണതോടെ ശൈത്യകാലം വരവറിയിച്ചു എന്നു തന്നെ പറയാം. ഉത്തരേന്ത്യയിൽ അതിശൈത്യവും മഞ്ഞും ദൃശ്യമായി. കൂടിയ പകൽതാപനില പലയിടത്തും 26 മുതൽ 31 ഡിഗ്രി വരെയായി.എന്നാൽ ധനുമാസത്തിലും സംസ്ഥാനത്തു മഴ പൂർണമായും ഒഴിഞ്ഞിട്ടുമില്ല. കാണാമറയത്തെവിടെയോ ഇത്തിരിമഴ ഒളിച്ചു കളിക്കുന്നു. വൃശ്ചികം ഇക്കുറി 29 ദിവസം മാത്രമായതിനാൽ, ധനുമാസം പിറക്കാൻ ഇനി രണ്ടു ദിവസം മാത്രം. വരുംവാരങ്ങളിൽ അങ്ങിങ്ങ് ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാമെന്നു തന്നെയാണു കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തൽ.‘മാൻഡോസ് ’ചുഴലി രൂപപ്പെട്ടതുമുതൽ കഴിഞ്ഞ ഒരാഴ്ചയായി കേരളം ചക്രവാതച്ചുഴിയുടെ പിടിയിലായിരുന്നു. വൃശ്ചികം പകുതിയോടെ എത്തേണ്ട ശൈത്യകാലത്തെ ഇതു വൈകിപ്പിച്ചു. ശ്രീലങ്കൻ തീരത്ത് വീണ്ടും ന്യൂനമർദ പ്രഭാവം വരുന്നുണ്ട്. ഇത് ഡിസംബർ നാലാം ആഴ്ചയിൽ കേരളത്തിലും നേരിയ മഴയ്ക്കു കാരണമായേക്കാം. 47 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 45 സെ.മീ. ലഭിച്ചതോടെ ഈ വർഷവും കേരളത്തിൽ ശരാശരി തുലാമഴയും രേഖപ്പെടുത്തി.