പേരൂര്‍ക്കടയില്‍ നടുറോഡില്‍ യുവതിയെ ആണ്‍ സുഹൃത്ത് വെട്ടിക്കൊലപ്പെടുത്തി. നന്ദിയോട് സ്വദേശിയായ സിന്ധു(50)വാണ് കൊല്ലപ്പെട്ടത്. പ്രതി നന്ദിയോട് സ്വദേശി രാജേഷ് പോലീസിന്റെ പിടിയിലായി. പ്രണയപ്പകയാണ് കൊലപാതകത്തിന് കാരണം എന്നാണ് അറിയുന്നത്.കഴുത്തില്‍ മൂന്ന് തവണ വെട്ടേറ്റ സിന്ധുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഇന്ന് രാവിലെ 9.30നായിരുന്നു സംഭവം
പത്തനംതിട്ട സ്വദേശിയായ രാജേഷും സിന്ധുവും വഴയിലയില്‍ ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. നേരത്തെ വിവാഹിതനായ രാജേഷ് സിന്ധുവുമായി അടുപ്പത്തിലായതോടെ പത്തനംതിട്ടയില്‍നിന്ന് തിരുവനന്തപുരത്ത് എത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു.അടുത്തിടെ ഇരുവരും തമ്മില്‍ പിണങ്ങി. തന്റെ പണവും സ്വത്തുമെല്ലാം സിന്ധു തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നായിരുന്നു രാജേഷിന്റെ ആരോപണം. തുടര്‍ന്ന് ഇയാള്‍ സമീപത്തെ മറ്റൊരു വീട്ടില്‍ തനിച്ച് താമസം തുടങ്ങി. ഈ തര്‍ക്കങ്ങളുടെ തുടര്‍ച്ചയായാണ് കൊലപാതകം എന്നാണ് അറിയുന്നത്. പ്രതിയെ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ചോദ്യംചെയ്തുവരികയാണ്.