വെഞ്ഞാറമൂട് നിന്നും കിഴക്കേകോട്ടയിലേക്ക് പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് യുവാവ് റോഡിലേക്ക് വീണ് പരിക്കേറ്റു.

യാത്രക്കാരെ കുത്തിനിറച്ചു കൊണ്ടു പോയ കെ.എസ്.ആർ.ടി.സി. ബസിന്റെ വാതിൽ തുറന്ന് യുവാവ് റോഡിലേക്ക് വീണ് പരിക്കേറ്റു. കോലിയക്കോട് മനു നിവാസിൽ എം.എസ്.അഭിജിത്തിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം പോത്തൻകോട് ജങ്ഷന് സമീപം വെഞ്ഞാറമൂട് റോഡിലായിരുന്നു അപകടം.

വെഞ്ഞാറമൂട്ടിൽ നിന്നു ബൈപ്പാസ് വഴി കിഴക്കേക്കോട്ടയിലേക്ക് പോയ ബസിന്റെ പുറകുവശത്തെ വാതിൽ തുറന്നാണ് അഭിജിത്ത് വീണത്. യാത്രക്കാരൻ വീണതറിയാതെ മുന്നോട്ടുപോയ ബസ് യാത്രക്കാർ ബഹളം വച്ചപ്പോഴാണ് നിർത്തിയത്. അഭിജിത്തിന്റെ കൈയ്ക്കും കാലിനും സാരമായി പരിക്കേറ്റിട്ടുണ്ട്.
അഭിജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിർമ്മിതി കേന്ദ്രയിലെ തൊഴിലാളിയാണ് അഭിജിത്ത്.