പോത്തന്‍കോട് രണ്ടു കോഴികളെ വളര്‍ത്താന്‍ പോലും ഒന്നര ചതുരശ്ര അടി സ്ഥലം വേണമെന്നാണ് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. മൃഗത്തിന്റെ പോലും വിലയില്ലാതെയാണ് വെറും 80 ചതുരശ്ര അടി വരുന്ന മുറികളില്‍ ഒന്‍പതു മനുഷ്യര്‍ ഞെരുങ്ങി കഴിഞ്ഞു കൂടുന്നത്.ഇതിന് ഒരാളില്‍ നിന്നും 1200 രൂപയാണ് വാടകയായി കെട്ടിട ഉടമ വാങ്ങിക്കുന്നത്. പോത്തന്‍കോട് - ചെമ്പഴന്തി റോഡില്‍ 300 മീറ്റര്‍മാറി വിദേശ മദ്യശാലയ്ക്ക് എതിര്‍ വശത്തായി അതിഥി തൊഴിലാളികളുടെ താമസം ദയനീയമാണ്. തകര ഷീറ്റ് മേല്‍ക്കൂരയായുള്ള ഉയരം കുറഞ്ഞ നീളത്തിലുള്ള ഷെഡ്. നാല് ഇടുങ്ങിയ മുറികള്‍.
താമസം 34 പേര്‍ . ഇവരില്‍ നിന്നെല്ലാംകൂടി മാസവാടക 46,000 രൂപ. ഇവര്‍ക്കെല്ലാം കൂടി ഉപയോഗിക്കാന്‍ മൂന്നു ശൗചാലയമാണുള്ളത്. അതും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. അതിനു സമീപത്തായുള്ള കിണറ്റിലെ വെള്ളമാണ് ഇവര്‍ കുടിക്കാനുപയോഗിക്കുന്നത്. സെപ്റ്റിക് ടാങ്കും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. കാടുപിടിച്ചു കിടക്കുന്ന പുരയിടത്തില്‍ ഇഴജന്തുക്കളും താവളമാക്കിയിട്ടുണ്ട്. അടുത്തിടെ ശൗചാലത്തില്‍ വിഷപ്പാമ്പിനെ കണ്ടെത്തിയെന്നും ഇവര്‍ പറയുന്നു.ആരോഗ്യ വകുപ്പും മറ്റ് അധികൃതരും ഇതൊന്നും കാണുന്നുമില്ല.
പലര്‍ക്കും രേഖകളില്ല പോത്തന്‍കോട് പഞ്ചായത്തില്‍ മാത്രമായി അന്‍പതിലധികം വാടക കെട്ടിടങ്ങളിലായി അയ്യായിരത്തിലധികം അതിഥി തൊഴിലാളികളുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതില്‍ മിക്കവരുടെ കൈയ്യിലും രേഖകളുമില്ല. ആദ്യം നാലോ അഞ്ചോ പേരായിരിക്കും താമസത്തിനെത്തുന്നത്. പിന്നീട് ആരൊക്കെയാണ് വന്നു പോകുന്നതെന്ന് അറിയാനാകില്ല. ആളെണ്ണി വാടക വാങ്ങാന്‍ മാത്രമായിരിക്കും കെട്ടിട ഉടമ എത്തുന്നത്. ഇക്കഴിഞ്ഞ മാസത്തില്‍ ശാസ്തവട്ടം മങ്ങാട്ടുകോണത്ത് മൊബൈല്‍ ഫോണ്‍ മോഷണവുമായി ബന്ധപ്പെട്ട് അതിഥി തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റവും അടിപിടിയും നടന്നിരുന്നു. മര്‍ദ്ദനമേറ്റ ഒരാള്‍ ആത്മഹത്യയും ചെയ്തിരുന്നു. പോത്തന്‍കോട് അതിഥി തൊഴിലാളികളോ കെട്ടിടമോ ഷെഡോ വാടകയ്ക്ക് നല്‍കുന്നവരോ വ്യക്തമായ വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍ അനില്‍കുമാര്‍ പറഞ്ഞു. വാട്ട്‌സ് ആപ്പ് കൂട്ടായ്മയിലൂടെ ഇവര്‍ വിവരങ്ങള്‍ കൈമാറുകയും ഉദ്യോഗസ്ഥര്‍ വിവര ശേഖരണത്തിനെത്തും മുന്‍പ് രേഖകള്‍ ഉള്ളവരൊഴികെ മാറിക്കളയുകയാണ് പതിവെന്നും പ്രസിഡന്റ് അറിയിച്ചു.