നിയന്ത്രണം വിട്ട ആന്ധ്ര ബസിന് ‘ഇടിതാങ്ങി’ തീർത്ത് കെഎസ്ആർടിസി ബസ്; നന്ദി പറഞ്ഞ് വണങ്ങി തീർഥാടകർ

എരുമേലി : നിറയെ തീർഥാടകരുമായി വന്ന ആന്ധ്ര ബസിന് കണമല ഇറക്കത്തിൽ ബ്രേക്ക് നഷ്ടപ്പെട്ടു; മുന്നിലുണ്ടായിരുന്ന കെഎസ്ആർടിസി ബസിൽ ഇടിച്ചു നിർത്താൻ ഡ‍്രൈവർ അവസരം നൽകിയതിനാൽ ഒഴിവായത് വലിയ അപകടം. ‌ശബരിമലപാതയിൽ ഒട്ടേറെ അപകടങ്ങൾ ഉണ്ടായിട്ടുള്ള കണമല അട്ടിവളവ് ഇറക്കത്തിൽ ഇന്നലെ രാവിലെ 10.50നായിരുന്നു സംഭവം. ആന്ധ്രയിൽ നിന്നു ശബരിമല തീർത്ഥാടകരുമായി വന്ന ബസിന്റെ ബ്രേക്ക് കണമല ഇറക്കത്തിൽ നഷ്ടപ്പെട്ടു. മുന്നിൽ പോയ ആലുവ ഡിപ്പോയിലെ കെഎസ്ആർടിസി ബസിന്റെ ഡ്രൈവർ പി.ആർ. സ്മിതേഷ് (41) ആണ് അപകടസാധ്യത തിരിച്ചറിഞ്ഞു രക്ഷകനായത്.
സംഭവത്തെപ്പറ്റി സ്മിതേഷ് പറയുന്നു: ആന്ധ്ര ബസ് വളരെ സാവധാനത്തിലാണു പോയത്. ഞാനോടിച്ച കെഎസ്ആർടിസി ബസ് ആന്ധ്ര ബസിനെ മറികടന്നു പോകുമ്പോൾ ക്ലച്ച് കരിഞ്ഞ മണം വരുന്നുണ്ടായിരുന്നു. കണമല അട്ടിവളവിലെ ഇറക്കം ഇറങ്ങി ആദ്യ ഹംപിൽ കയറിയപ്പോൾ കെഎസ്ആർടിസി വേഗം കുറച്ചു. അട്ടിവളവ് തിരിഞ്ഞ് അടുത്ത ഹംപിൽ കയറിയപ്പോ‍ൾ പിന്നാലെ വന്ന ബസിൽ നിന്ന് വലിയ അലർച്ചയും ബഹളവും കേട്ടു. ആ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി സംശയം തോന്നി.ഈ സമയം കെഎസ്ആർടിസി വേഗത്തിൽ ഓടിച്ചുപോവുകയോ അരികിലേക്കു മാറ്റുകയോ ചെയ്താൽ പിന്നാലെ വന്ന ബസ് നിർത്താൻ കഴിയാതെ വലിയ അപകടത്തിൽപെടുമെന്നു ബോധ്യപ്പെട്ടു. കെഎസ്ആർടിസി ബസിന്റെ പിന്നിലെ സീറ്റിൽ യാത്രക്കാരും ഉണ്ടായിരുന്നില്ല. അടുത്ത സീറ്റിൽ ഉണ്ടായിരുന്ന കണ്ടക്ടർ എം.വി.രാജീവിനോടു കാര്യം പറഞ്ഞ ശേഷം കെഎസ്ആർടിസിയുടെ വേഗം കുറച്ച് പിന്നാലെ ഹംപ് കയറി വന്ന ആന്ധ്ര ബസ് ഇടിപ്പിച്ചു നിർത്താൻ അവസരം നൽകി. ഇതു മനസ്സിലാക്കിയ ആന്ധ്ര ബസ് ഡ്രൈവർ കെഎസ്ആർടിസി ബസിന്റെ പിന്നിൽ ഇടിപ്പിച്ചു. ഈ സമയം സ്മിതേഷ് കെഎസ്ആർടിസി ബസിന്റെ ഹാൻഡ് ബ്രേക്ക് വലിച്ചുനിർത്തി. ഇരു ബസുകളും ഒരുമിച്ചുനിന്നു.
കെഎസ്ആർടിസി ബസിന്റെ പിൻഭാഗം അകത്തേക്കു ചളുങ്ങിയപ്പോൾ ആന്ധ്ര ബസിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. എരുമേലി ഡിപ്പോയിൽ നിന്ന് 2 ബസുകൾ വിളിച്ചുവരുത്തി ഇരുബസുകളിലും ഉണ്ടായിരുന്നവരെ പമ്പയിലേക്ക് അയച്ചു. ആലുവ പുത്തൻപുരയിൽ രാജന്റെ മകനായ സ്മിതേഷ് 6 വർഷമായി കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ ഡ്രൈവറാണ്.
ഇറക്കത്തിൽ തുടരെത്തുടരെ ബസിന്റെ ബ്രേക്ക് ചവിട്ടുന്നതുമൂലം എയർ കുറഞ്ഞ് ബ്രേക്ക് ഇല്ലാതാകുന്നതാണ് അപകടകാരണമെന്നു സംശയിക്കുന്നതായി ബസ് പരിശോധിച്ച മോട്ടോർവാഹന ഉദ്യോഗസ്ഥർ അറിയിച്ചു.

🔴നന്ദി പറഞ്ഞ് വണങ്ങി ആന്ധ്ര തീർത്ഥാടകർ

അയ്യപ്പനെ നേരിൽ കണ്ടെന്നു കണ്ണീരോടെ പറഞ്ഞ് അപകടത്തിൽപെട്ട ബസിലെ തീർത്ഥാടകർ. ജീവൻ രക്ഷിച്ച കെഎസ്ആർടിസി ഡ്രൈവർ സ്മിതേഷിന്റെ കാലുതൊട്ട് വണങ്ങി നന്ദി അറിയിച്ചാണ് ആന്ധ്രയിലെ തീർത്ഥാടകർ ശബരിമലയിലേക്കു തിരിച്ചത്.

 കണമല വഴി കെഎസ്ആർടിസി ഒഴികെയുള്ള ബസുകൾ തീർത്ഥാടകരുമായി പോകുന്നത് പൊലീസ് തടഞ്ഞു. കണമല അട്ടിവളവ് ഇറക്കത്തിലെ അപകടസാധ്യത കണക്കിലെടുത്താണു നടപടി. പമ്പയിലേക്കു പോകുന്ന ബസുകൾ കരിങ്കല്ലുമൂഴിയിൽ നിന്ന് നേരെ പോയി മുക്കട, ഇടമൺ, അത്തിക്കയം, മാടത്തുംമൂഴി (പൂവത്തുംമൂട്) വഴി ശബരിമല പാതയിൽ പ്രവേശിക്കണമെന്നു ഡിവൈഎസ്പി എൻ.ബാബുക്കുട്ടൻ അറിയിച്ചു. ഈ റോഡിൽ കൂടി എരുമേലിയിൽനിന്ന് 18 കിലോമീറ്റർ യാത്ര ചെയ്ത് ശബരിമല റോഡിൽ പ്രവേശിക്കാം.