ഇടുക്കി : വണ്ടിപ്പെരിയാറിനു സമീപം അയ്യപ്പ ഭക്തർ സഞ്ചരിച്ചിരുന്ന വാഹനത്തിന് തീപിടിച്ചു. ആർക്കും പരിക്കില്ല. പുലർച്ചെ നാലരയോടെയാണ് വണ്ടിപ്പെരിയാറിനു സമീപം അറുപത്തിരണ്ടാം മൈലിൽ വെച്ച് വാഹനത്തിന് തീപിടിച്ചത്. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നിന്നുമെത്തി ഭക്തരുടെ വാഹനത്തിനാണ് തീപിടിച്ചത്. അഞ്ചു പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പുക ഉയരുന്നതു കണ്ട് വാഹനത്തിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും മോട്ടോർ വാഹന വകുപ്പ് സേഫ് സോൺ സംഘവുമെത്തി തീ അണക്കാൻ ശ്രമം തുടങ്ങി. പീരുമേട്ടിൽ നിന്നും ഫയർ ഫോഴ്സ് കൂടിയെത്തിയാണ് തീ പൂർണമായും അണച്ചത്.
അതിനിടെ, ഇടുക്കി കുമളിയിൽ അയ്യപ്പ ഭക്തരുടെ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. കുമളി അമരാവതി സ്വദേശി എൻ ദിനേശ് ആണ് മരിച്ചത്. കുമളി കുളത്തുപാലത്ത് ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. ദിനേശ് ഓടിച്ചിരുന്ന ഇരുചക്രവാഹനം മുമ്പിലുളള വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന ബസുമായി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ദിനേശിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.