ലോട്ടറി ടിക്കറ്റുകളിൽ നമ്പർ തിരുത്തി സമ്മാനത്തുക വാങ്ങുന്ന രണ്ടംഗ തട്ടിപ്പ് സംഘം അറസ്റ്റിൽ.

ചാരുംമൂട്: ലോട്ടറി ടിക്കറ്റുകളിൽ നമ്പർ തിരുത്തി സമ്മാനത്തുക വാങ്ങുന്ന രണ്ടംഗ തട്ടിപ്പ് സംഘം അറസ്റ്റിൽ. കുണ്ടറ മുളവന കാഞ്ഞിരക്കോട് മുറിയിൽ സെന്‍റ് ജൂഡ് വില്ലായിൽ സിജോ (39), കുണ്ടറ മുളവന നാന്തിരിക്കൽ മുറിയിൽ സജീവ് ഭവനത്തിൽ സജീഷ് (30) എന്നിവരെയാണ് നൂറനാട് സി ഐ ശ്രീജിത്ത് പിയും സംഘവും അറസ്റ്റ് ചെയ്തത്. കേരള സർക്കാരിന്‍റെ ലോട്ടറി ടിക്കറ്റുകളിലെ നമ്പറിൽ കൃത്രിമം കാണിച്ച് സമ്മാനാർഹമായ ടിക്കറ്റെന്ന് ലോട്ടറി കച്ചവടക്കാരെ തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. ടിക്കറ്റ് വില്പനക്കാരായ പ്രായമുള്ളവരും, ഭിന്നശേഷിക്കാരും, രോഗികളും, സ്ത്രീകളുമൊക്കെയാണ് ഇവരുടെ പ്രധാന ഇരകൾ. കഴിഞ്ഞദിവസം താമരക്കുളം നാലുമുക്ക് ഭാഗത്ത് തട്ടിപ്പിന് ശ്രമിക്കുമ്പോളാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്.അവസാനത്തെ നാലക്ക നമ്പറിന് സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ നമ്പറുകൾ മനസിലാക്കി അതേ ദിവസം ശേഖരിച്ചു വയ്ക്കുന്ന ടിക്കറ്റുകളിലെ ചില നമ്പറുകൾ, സീരീസുകൾ എന്നിവ തിരുത്തിയാണ് തട്ടിപ്പ് നടത്തുന്നത്. ലോട്ടറി ഫലം വരുന്ന ദിവസം സമ്മാനം അടിക്കാത്ത ലോട്ടറി ടിക്കറ്റുകൾ കടകളിൽ നിന്നും മറ്റും ശേഖരിച്ചു വയ്ക്കും. നമ്പറുകൾ വെട്ടിമാറ്റി ഒട്ടിച്ചു വെക്കുന്ന രീതിയും ഇവർക്കുണ്ട്. ആർക്കും മനസ്സിലാവാത്ത രീതിയിൽ വളരെ സൂക്ഷ്മമായാണ് ഇവർ നമ്പറുകൾ ഒട്ടിച്ചു വെക്കുന്നത്.