കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.

കടയ്ക്കാവൂർ: കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.ഫയർസ്റ്റേഷൻ വേണമെന്ന ആവശ്യമുന്നയിച്ച് മാറി മാറി വരുന്ന സർക്കാരിനും പഞ്ചായത്ത് അധികൃതർക്കുമെല്ലാം നിവേദനം നൽകിയിട്ടും നാളിതുവരെ ഒന്നും നടന്നില്ല. ഫയർസ്റ്റേഷൻ ഉടൻ അനുവദിക്കാമെന്ന വാഗ്ദാനം മാത്രമാണ് നാട്ടുകാർക്ക് മിച്ചംകിട്ടുന്നത്. എന്നാൽ

വർഷങ്ങൾ 15 കഴിഞ്ഞിട്ടും നടപ്പാക്കുന്ന കാര്യത്തിൽ അധികൃതർ മൗനത്തിലാണ്. കടയ്ക്കാവൂരിൽ ഒരു ഫയർസ്റ്റേഷൻ വേണമെന്നത് അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം, ചിറയിൻകീഴ് പഞ്ചായത്ത് നിവാസികളുടെ ചിരകാലാഭിലാഷമാണ്. അടിക്കടി തീപിടിത്തമുണ്ടാകുന്ന പ്രദേശങ്ങളിലൊന്നാണ് അഞ്ചുതെങ്ങ്. ഇവിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ ആറ്റിങ്ങലിലെയോ വർക്കലയിലോ ഉള്ള ഫയർഫോഴ്സ് യൂണിറ്റിനെ വേണം ആശ്രയിക്കാൻ. ഇവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് സംഘം എത്തുമ്പോഴേക്കും മണിക്കൂറുകൾ കഴിയുന്നതിനാൽ നല്ലൊരു ഭാഗവും അഗ്നിക്കിരയായി തീർന്നിട്ടുണ്ടാവും. ഇത്തരം ദുരവസ്ഥകൾക്ക് പരിഹാരമെന്നോണമാണ് കടയ്ക്കാവൂരിൽ ഫയർസ്റ്റേഷൻ വേണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നത്.
അഞ്ചുതെങ്ങ് കായലും പഴഞ്ചിറ കുളവും നീരാഴി തുടങ്ങിയ ജല സ്രോതസുകളുമുള്ളതിനാൽ ഫയർ സ്റ്റേഷന് വേണ്ട ജലം സുലഭമായി ലഭിക്കും. ഇത്തരം സാദ്ധ്യതകൾ കണക്കിലെടുത്ത് അധികൃതർ വേണ്ട നടപടികൾ കൈക്കൊള്ളണമെന്നാണ് ആവശ്യം. കടയ്ക്കാവൂരിൽ ഫയർ സ്റ്റേഷൻ വന്നാൽ വക്കം, കടയ്ക്കാവൂർ, അഞ്ചുതെങ്ങ്, ചിറയിൻകീഴ്, അഴൂർ, കിഴുവിലം, മുദാക്കൽ തുടങ്ങിയ പഞ്ചായത്തുകളിൽ അഗ്നിബാധയോ മറ്റ് അനിഷ്ട സംഭവങ്ങളോ ഉണ്ടായാൽ വളരെ പെട്ടെന്ന്തന്നെ സുഭവസ്ഥലത്ത് എത്തിചേരുവാൻ സാധിക്കും