തെരുവുനായ്ക്കളെ തീറ്റിപ്പോറ്റുന്നവര്‍ക്ക് അതിനെ വാക്‌സിനേറ്റ് ചെയ്യാനുള്ള ഉത്തരവാദിത്വവും ഉണ്ടെന്ന് കോടതി പറഞ്ഞു. തെരുവുനായുടെ കടിയേറ്റുള്ള പരാതികള്‍ പരിശോധിക്കാന്‍ 2016ല്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് വിളിച്ചുവരുത്തുമെന്ന് സുപ്രീം കോടതി അറിയിച്ചു. കേരളത്തിലെ തെരുവുനായ പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കാണണമെന്ന് നിര്‍ദേശിച്ച സുപ്രീം കോടതി 28ന് ഇതിനായി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി.
റോഡിലൂടെ നടക്കുന്നവരെ പട്ടി കടിക്കുന്നത് അംഗീകരിക്കാനാവാത്ത കാര്യമാണെന്ന് കോടതി പറഞ്ഞു. അപകടകാരികളായ പട്ടികളെ പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റുന്നതു പരിഗണിച്ചുകൂടേയെന്ന് വാദത്തിനിടെ കോടതി ആരാഞ്ഞു. പട്ടികടിയേറ്റ് വാക്‌സിന്‍ എടുത്തിട്ടും മരണം സംഭവിക്കുന്നുണ്ടെന്ന് ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ഇക്കാര്യം വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി പ്രതികരിച്ചു.
സാബു സ്റ്റീഫന്‍, ഫാ. ഗീവര്‍ഗീസ് തോമസ് എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്.പേവിഷ വാക്‌സിന്റെ സംഭരണവും ഫലപ്രാപ്തിയും പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് സാബു സ്റ്റീഫന്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.