റെയിൽവേ മേൽപ്പാലത്തിന്റെ ആറ് ഉരുക്ക് തൂണുകൾ ഉറപ്പിച്ചുകഴിഞ്ഞു. പണ്ടകശാല ഭാഗത്ത് അഞ്ചും ബസ് സ്റ്റാൻഡിനു സമീപം ഒന്നുമാണ് ഉറപ്പിച്ചത്. ബാക്കിയുള്ള തൂണുകൾ നിർമിക്കാൻ താലൂക്കാശുപത്രിയുടെ ഭാഗത്തെ മതിൽക്കെട്ടും മണ്ണും നീക്കം ചെയ്യേണ്ടതുണ്ട്. തൂണുകളുടെ പൈലിങ്ങിന് ആശുപത്രി കോമ്പൗണ്ടിൽനിന്ന് മണ്ണെടുക്കാനാരംഭിച്ചപ്പോൾ ഖനനാനുമതിയില്ലാത്തതിനാൽ ചിറയിൻകീഴ് പോലീസ് മണ്ണെടുപ്പ് തടഞ്ഞു. ജിയോളജി വകുപ്പിന്റെ പാസോടെ മാത്രമേ ഇവിടെനിന്ന് മണ്ണ് നീക്കം ചെയ്യാനാകൂ. മണ്ണെടുക്കാനുള്ള അനുമതിക്ക് മേൽപ്പാല നിർമാണ കരാറുകാർ അപേക്ഷിച്ച് കാത്തിരിപ്പു തുടങ്ങിയിട്ട് ഒന്നരമാസത്തോളമായി. അനുമതി ലഭിച്ചാലേ മണ്ണ് നീക്കംചെയ്ത് പൈലിങ് ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് കരാർ കമ്പനി അധികൃതർ പറഞ്ഞു.
പണ്ടകശാലയിൽ പൂർത്തിയായ കോൺക്രീറ്റ് അപ്രോച്ചിനുള്ളിൽ നിറയ്ക്കാനും കരമണ്ണ് ആവശ്യമായി വരും. ആറ് തൂണുകളാണ് ഇതിനോടകം ഇവിടെ ഉറപ്പിച്ചിട്ടുള്ളത്. ആറ് തൂണുകൾ ഇനിയും ഉറപ്പിക്കേണ്ടതുണ്ട്. തൂണുകളുടെ നിർമാണം പൂർത്തിയായാൽ മാത്രമേ ഉരുക്ക് ഗർഡറുകൾ സ്ഥാപിച്ച് കോൺക്രീറ്റും സ്ലാബുമിട്ട് പാലം നിർമാണം പൂർത്തിയാക്കാനാകൂ. വലിയകടയിൽ നിന്നുമാരംഭിച്ച് പണ്ടകശാലയിൽ ആവസാനിക്കുന്ന 650 മീറ്റർ നീളമുള്ള റെയിൽവേ മേൽപ്പാലത്തിന് 26.16 കോടി രൂപയാണ് ചെലവഴിക്കുന്നത്. കിഫ്ബി ഫണ്ടുപയോഗിച്ചുള്ള നിർമാണം ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്