കൊളസ്‌ട്രോൾ അളവുകൾ വലിയ തോതിൽ കൂടുന്നത് ഭാവിയിൽ പല രോഗങ്ങൾക്കും വഴിയൊരുക്കും. മാറിയ ജീവിതശൈലിയും വ്യായാമക്കുറവും മൂലമാണ് ഉയര്‍ന്ന കൊളസ്‌ട്രോള്‍ പലരെയും തേടിയെത്തിയത്. ശരീരത്തില്‍ കൊളസ്‌ട്രോളിന്‍റെ അളവ് അധികമായാല്‍ അത് രക്തധമനികളില്‍ അടിഞ്ഞു കൂടും. ഹൃദയത്തിലേയ്ക്കുള്ള രക്തപ്രവാഹം തടസപ്പെടാന്‍ വരെ ഇത് കാരണമാകാം. തുടര്‍ന്ന് ഇത് ഹൃദയാരോഗ്യത്തെ പോലും ബാധിക്കാം. നെഞ്ചുവേദന, തലക്കറക്കം, അമിത ക്ഷീണം, രക്തസമ്മര്‍ദ്ദം ഉയരുക തുടങ്ങിയ പലതും ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ ലക്ഷണങ്ങളാകാം. ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും കൊളസ്‌ട്രോളിനെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില പച്ചക്കറികളെ പരിചയപ്പെടാം. എൽഡിഎൽ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് ബീന്‍സ്. അതിനാല്‍ ബീന്‍സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നല്ലതാണ്. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്ന ഭക്ഷണങ്ങളില്‍ മുന്നിലാണ് ചീര. വിറ്റാമിന്‍ ബി, മഗ്നീഷ്യം, വിറ്റാമിന്‍ ഇ എന്നിവയുടെ കലവറയാണ് ചീര. അതിനാല്‍ ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക. ഇവയില്‍ കലോറിയും കുറവാണ്. ഫൈബര്‍ ധാരാളം അടങ്ങിയതുമാണ് ഇവ. അതിനാല്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെണ്ടയ്ക്ക ഡയറ്റില്‍ ഉള്‍പ്പെടുത്താം.തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ, ബി, കെ, സി എന്നിവയെല്ലാം അടങ്ങിയ തക്കാളി കണ്ണിന്‍റെയും ചര്‍മത്തിന്‍റെയും ഹൃദയത്തിന്‍റെയും ആരോഗ്യത്തിന് നല്ലതാണ്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ സഹായിക്കും. ആരോഗ്യകരമായ പോഷകങ്ങൾ നിറഞ്ഞതാണ് ബ്രൊക്കോളി. ഉയർന്ന അളവിലുള്ള നാരുകളും വിറ്റാമിൻ സിയും ഉള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിനുള്ള മറ്റൊരു മികച്ച പച്ചക്കറി കൂടിയാണിത്. ബ്രൊക്കോളിയിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹത്തിലെ എൽഡിഎൽ കൊളസ്ട്രോൾ ഓക്സീകരണം തടയാൻ സഹായിക്കുന്നു.ധാരാളം ധാതുക്കളും വിറ്റാമിനുകളും അടങ്ങിയിട്ടുള്ള പച്ചക്കറിയാണ് വഴുതന. കൊളസ്‌ട്രോൾ അളവ് കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്. കൂടാതെ, ആന്റിഓക്‌സിഡന്റ് പ്രവർത്തനത്തിന് കാരണമാകുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. വഴുതനങ്ങയിൽ കഫീക്, ക്ലോറോജെനിക് ആസിഡ് തുടങ്ങിയ ഫിനോളിക് സംയുക്തങ്ങളും ഫ്ലേവനോയിഡുകളും ധാരാളം അടങ്ങിയിട്ടുണ്ട്.