കാസർഗോഡ്: അമ്മയെ ആക്രമിച്ച ശേഷം മകൻ തൂങ്ങിമരിച്ചു. കാസർഗോഡ് മടിക്കൈ സ്വദേശിയായ 17കാരനാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. ഉറങ്ങിക്കിടന്ന അമ്മയുടെ തലയിലേക്ക് അമ്മിക്കല്ലിടുകയും തുടർന്ന് ചിരവ കൊണ്ട് തല അടിച്ചു തകർത്ത ശേഷം മകൻ ആത്മഹത്യ ചെയുകയായിരുന്നു.
മകൻ്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രി പ്രവേശിപ്പിച്ചു. ആശുപത്രിയിൽ കഴിയുന്ന അമ്മ അപകടനില തരണം ചെയ്തിട്ടുണ്ട്. അർധരാത്രി യുവതിയുടെ നിലവിളികേട്ട അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് ചോരയിൽ കുളിച്ച് മുറ്റത്ത് കിടക്കുന്ന നിലയിൽ ഇവരെ കണ്ടത്. അകത്തു കയറി പരിശോധിച്ചപ്പോൾ മകൻ തൂങ്ങിയ നിലയിലായിരുന്നു. ഉടനെ ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മകൻ മരിച്ചു. അമ്പലത്തറ പോലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.