പൊതുനിരത്തുകളിലെ കുഴികളടയ്ക്കാൻ നടപടിയില്ലാത്തതിനാൽ പൂവാർ റോഡിലെ കുഴികൾ നികത്തി ഓട്ടോറിക്ഷ തൊഴിലാളികൾ

നെയ്യാറ്റിൻകര : പൊതുനിരത്തുകളിലെ കുഴികളടയ്ക്കാൻ നടപടിയില്ലാത്തതിനാൽ പൂവാർ റോഡിലെ കുഴികൾ നികത്തി ഓട്ടോറിക്ഷ തൊഴിലാളികൾ. അതേസമയം, നെയ്യാറ്റിൻകര കോടതി റോഡിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികന് തലയ്ക്ക് പരിക്കേറ്റു. നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടും നവീകരണം വൈകുന്ന റോ‍ഡാണിത്.

നെയ്യാറ്റിൻകര-പൂവാർ റോഡിൽ അമ്മൻ കോവിലിനു സമീപത്തെ റോഡിലെ കുഴിയടയ്ക്കാനായി പൊതുമരാമത്ത് വകുപ്പിനെ സമീപിച്ചിട്ടും നടപടിയാകാത്തതിനെ തുടർന്നാണ് സമീപത്തെ ഓട്ടോറിക്ഷ സ്റ്റാൻഡിലെ തൊഴിലാളികൾ ചേർന്ന് കോൺക്രീറ്റ് കൊണ്ട് കുഴികളടച്ചത്. ഇവിടെ ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു. പൂവാർ റോഡിലെ രണ്ടിടത്തെ വലിയ കുഴികളാണ് ഇവർ അടച്ചത്. നെയ്യാറ്റിൻകര കോടതി റോഡ് തകർന്ന നിലയിലായിട്ട് മാസങ്ങളേറെയായി. അമിതഭാരവുമായി വാഹനങ്ങളുടെ നിരന്തര ഓട്ടവുമാണ് റോഡ് തകരാനിടയാക്കിയത്. റോഡ് നവീകരിക്കുന്നതിന് കെ.ആൻസലൻ എം.എൽ.എ.യുടെ ഇടപെടലിനെത്തുടർന്ന് ഫണ്ട് അനുവദിച്ചു. എന്നാൽ, പൊതുമരാമത്ത് വകുപ്പിന്റെ ടെൻഡർ തുകയ്ക്ക് കരാറെടുക്കാൻ ആരും രംഗത്തുവന്നില്ല. കഴിഞ്ഞ മഴയത്ത് റോഡ് കൂടുതലായി തകർന്നു. ഇത്തരത്തിലുണ്ടായ കുഴിയിൽ വ്യാഴാഴ്ച സ്കൂട്ടർ യാത്രക്കാരൻ, കീഴെത്തെരുവ്, മുളകുവിളാകത്ത് വസന്ത ഭവനിൽ മനു(38) അപകടത്തിൽപ്പെട്ടത്. സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന മനു കുഴിയിൽപ്പെട്ട് മറിഞ്ഞുവീണാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ മനു ചികിത്സയിലാണ്