ചിക്കൻ ഫ്രൈഡ്റൈസിൽ ‘ചിക്കൻ’ കുറവ്, റസ്റ്റോറന്റിൽ സംഘർഷം

ഇടുക്കി: ചിക്കൻ ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞെന്നാരോപിച്ചു റിസോർട്ടിലെ റസ്റ്റോറന്റിൽ സംഘർഷം. രാമക്കൽമേട്ടിലെ സിയോൺ ഹിൽസ് റിസോർട്ടിലാണ് അഞ്ചംഗ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. റസ്റ്റോറന്റിലെ മേശകളും പ്ലേറ്റുകളും അടിച്ചുപൊട്ടിച്ച സംഘം ജീവനക്കാരനെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.

ബുധനാഴ്ച രാത്രി 10.30നാണു സംഭവം. ചിക്കൻ ഫ്രൈഡ്റൈസ് ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങൾ സംഘം കഴിച്ചു. ഇതിനിടയിൽ ഫ്രൈഡ്റൈസിൽ ചിക്കൻ കുറഞ്ഞുപോയെന്നും കൂടുതൽ ചിക്കൻ വേണമെന്നും ആവശ്യപ്പെട്ട് സംഘത്തിലൊരാൾ കഴിച്ചുകൊണ്ടിരുന്ന പ്ലേറ്റ് അടിച്ചു പൊട്ടിച്ചു. തുടർന്ന് ഒന്നര മണിക്കൂർ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെന്നാണ് റിസോർട്ട് മാനേജ്മെന്റിന്റെ ആരോപണം.

മേശകൾ തകർത്തെന്നും ഒരു ജീവനക്കാരനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. അക്രമികളിൽ ഒരാളുടെ കൈക്കു പരുക്കേറ്റതായും ജീവനക്കാർ പറഞ്ഞു. എന്നാൽ, തങ്ങൾ ആവശ്യപ്പെട്ട ഭക്ഷണമല്ല നൽകിയതെന്നും അതിനെത്തുടർന്നു വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും മേശ തകർത്തിട്ടില്ലെന്നും ആരോപണവിധേയരായ യുവാക്കൾ പറഞ്ഞു.