ആ ഭാഗ്യവാൻ അനൂപ്; തിരുവോണം ബമ്പറടിച്ചത് ഓട്ടോഡ്രൈവർക്ക്


തിരുവനന്തപുരം: ഇത്തവണത്തെ തിരുവോണം ബമ്പർ അടിച്ചയാളെ കണ്ടെത്തി. തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിനാണ് ബമ്പർ അടിച്ചത്. ഓട്ടോ ഡ്രൈവറാണ് അനൂപ്. ഒറ്റ ടിക്കറ്റ് മാത്രമേ താൻ എടുത്തിരുന്നുള്ളൂവെന്ന് അനൂപ് പ്രതികരിച്ചു.

സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അനൂപ് പ്രതികരിച്ചു. സന്തോഷ വാർത്തയറിഞ്ഞ് വീട്ടിലേക്ക് ബന്ധുക്കളെത്തിയിട്ടുണ്ടെന്നും സന്തോഷം മാത്രമേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

TJ 750605 എന്ന ടിക്കറ്റിനാണ് 25 കോടി രൂപ ലഭിച്ചിരിക്കുന്നത്. പഴവങ്ങാടി ഭഗവതി ഏജൻസിയിൽ നിന്നാണ് അനൂപ് ടിക്കറ്റ് എടുത്തത്. ആറ്റിങ്ങൽ സ്വദേശി തങ്കരാജനാണ് ഏജന്‍റ്. ഇന്നലെ വൈകീട്ടായിരുന്നു അനൂപ് ടിക്കറ്റ് എടുത്തത്. ഒന്നാം സമ്മാനം നേടിയ അനൂപിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിച്ച് ബാക്കി 15.75 കോടി രൂപയാണ് ലഭിക്കുക.