കടയ്ക്കാവൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരേയും സ്ത്രീകളടക്കമുള്ള ബന്ധുക്കളേയും മാരകായുധങ്ങൾ കൊണ്ടു അക്രമിച്ചു പരുക്കേൽപ്പിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു.

ചിറയിൻകീഴ് ∙ കടയ്ക്കാവൂരിൽ വീട്ടിൽ അതിക്രമിച്ചുകയറി വീട്ടുകാരേയും സ്ത്രീകളടക്കമുള്ള ബന്ധുക്കളേയും മാരകായുധങ്ങൾ കൊണ്ടു അക്രമിച്ചു പരുക്കേൽപ്പിച്ച മൂന്നംഗ ഗുണ്ടാസംഘത്തെ കടയ്ക്കാവൂർ പൊലീസ് അറസ്റ്റുചെയ്തു.കീഴാറ്റിങ്ങൽ പെരുംകുളം ഇടയ്ക്കോട് കോളനിവീട്ടിൽ അജിത്ത്(22), പെരുംകുളം ഇടയ്ക്കോട് കോളനിയ്ക്കു സമീപം കാട്ടുവിള വീട്ടിൽ അച്ചു എന്നു വിളിപ്പേരുള്ള ശരത്(22), ഇയാളുടെ സഹോദരൻ അപ്പു എന്നറിയപ്പെടുന്ന ശ്യാം(20) എന്നിവരെയാണു കടയ്ക്കാവൂർ എസ്എച്ച്ഒവി.അജേഷ്, എസ്ഐമാരായ എസ്.എസ്.ദീപു, മണിലാൽ, എഎസ്ഐമാരായ ജയപ്രസാദ്, രാജീവ്,ശ്രീകുമാർ, എസ്‌സിപിഒമാരായ അനീഷ്, നാഷ്, സിയാദ് എന്നിവരടങ്ങുന്ന പൊലീസ് സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ എട്ടിനു രാത്രി 10മണിയോടെയാണു അക്രമിസംഘം മണനാക്കിനു സമീപം തൊപ്പിച്ചന്ത കുടവൂർക്കോണം ആർ.എസ്.ഭവനിൽ കടന്നുകയറി തങ്കമണിയുടെ മകൾ രാജി(30), സഹോദരൻ രാജീവ്(34) എന്നിവരെ അക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ചത്. തങ്കമണിയുടെ മറ്റൊരു സഹോദരൻ രാജേഷും മൂന്നംഗസംഘവുമായി ഒരുവർഷം മുൻപുണ്ടായ വാക്കുതർക്കങ്ങളാണു അക്രമത്തിൽ കലാശിച്ചതെന്നു പൊലീസ് അറിയിച്ചു. സഹോദരിയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങുമായി ബന്ധപ്പെട്ടു രാജീവ് എത്തുമെന്നറിഞ്ഞ പ്രതികൾ സ്ഥലത്തു ക്യാംപ് ചെയ്യുകയും രാത്രിയോടെ രാജീവ് എത്തിയതറിഞ്ഞു അക്രമം അഴിച്ചുവിടുകയുമായിരുന്നു. അക്രമത്തിൽ രാജീവിനും നാലോളം ബന്ധുക്കൾക്കും ഗുരുതരമായി പരുക്കേറ്റു. ഇവർ ഇപ്പോഴും ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ ചികിൽസയിൽ കഴിഞ്ഞുവരികയാണ്.പ്രതികളെ റിമാൻഡ് ചെയ്തു