മസ്കറ്റ്: മസ്കറ്റിൽ നിന്നും കൊച്ചിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ ഒഴിവായത് വലിയ ദുരന്തം. വിമാനം കൊച്ചിയിലേക്ക് പറക്കുന്നതിന് തൊട്ടുമുമ്പാണ് പുക ഉയരുന്നത് കണ്ടത്. ഇതോടെ യാത്രക്കാരെ അടിയന്തരമായി ഒഴിപ്പിക്കുകയായിരുന്നു. ടേക്ക് ഓഫ് ചെയ്യുന്നതിന് തൊട്ടുമുമ്പായതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. വിമാനത്തിന്‍റെ ഇടത് വശത്തെ ചിറകിൽ നിന്നാണ് പുക ഉയരുന്നതായി കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് എമര്‍ജൻസി വിൻഡോ വഴി യാത്രക്കാരെ പുറത്തേക്ക് എത്തിക്കുകയായിരുന്നു.ആളുകൾ പരിഭ്രാന്തരായെങ്കിലും ജീവനക്കാർ സമയോചിതമായി ഇടപെട്ടു. പലരും കുട്ടികളെയടക്കം എടുത്ത് ഓടുകയായിരുന്നു. ഇതിന്‍റെയടക്കം വീഡിയോ പുറത്തുവന്നിട്ടുണ്ട്. പ്രദേശിക സമയം 11 മണിയോടെയാണ് സംഭവം ഉണ്ടായത്. 141 യാത്രക്കാരും സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്നും എയര്‍ ഇന്ത്യ അറിയിച്ചു. നിലവിൽ സാങ്കേതിക സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിൽ പരിശോധന നടത്തുകയാണ്. വിമാനത്തിന് തീ പിടിക്കാനുണ്ടായ കാരണം എന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണം നടത്തും.