പ്രകൃതിസൗന്ദര്യം അറിയണമെങ്കിൽ തമ്പുരാൻ തമ്പുരാട്ടിപാറയിൽ എത്തണം

വെമ്പായം : ‘പ്രകൃതിസൗന്ദര്യം അറിയണമെങ്കിൽ തമ്പുരാൻ തമ്പുരാട്ടിപാറയിൽ എത്തണം’. ഇവിടെ വരുന്ന സഞ്ചാരികൾ ഒന്നടങ്കം പറയുന്ന വാചകമാണിത്. എപ്പോഴും വീശി അടിക്കുന്ന തണുത്ത കാറ്റ്. ചെറിയ മഴ ഉണ്ടായാൽ വേഗം എത്തുന്ന കോടമഞ്ഞ്. തലസ്ഥാന നഗരിയുടെ സൗന്ദര്യം അതുപോലെ പകർത്തിയെടുക്കാൻ കഴിയുന്ന വിദൂര കാഴ്ച, സമുദ്രനിരപ്പിൽനിന്ന്‌ അഞ്ഞൂറ് അടി ഉയരത്തിലാണ് പാറ എന്നതൊക്കെയാണ് തമ്പുരാൻ തമ്പുരാട്ടി പാറയുടെ സവിശേഷതകൾ.ഓണക്കാലത്ത് സഞ്ചാരികളുടെ എണ്ണവും കൂടിയിരുന്നു. വെമ്പായം എം.സി. റോഡിൽനിന്ന്‌ ആറു കിലോമീറ്റർ ഉള്ളിലേക്കുപോയാൽ മദപുരത്ത് എത്തിച്ചേരാം. അവിടെ നിന്ന് നീറോട്ടിൽെപായ്ക ക്ഷേത്രത്തിനു മുന്നിൽക്കൂടി പോകുന്ന നാട്ടുവഴിയിലൂടെ സഞ്ചരിക്കുമ്പോൾ തമ്പുരാൻ തമ്പുരാട്ടി പാറയിലേക്കുള്ള പ്രവേശനകവാടമായി. അവിടെ നിന്നും കൽപ്പടവുകൾ കയറി പാറയുടെ മുകളിൽ എത്തിയാൽ തിരുമുറ്റം പാറയിലേക്കുള്ള പ്രവേശനമായി. ഇവിടെനിന്നുമാണ് കാഴ്ചകളുടെ വിസ്മയം പ്രകൃതി ഒരുക്കിയിരിക്കുന്നത്. അവിടെനിന്നുള്ള പഴയ രാജപാത ടൂറിസം വകുപ്പ് നടപ്പതയാക്കി മാറ്റിയിട്ടുണ്ട്. ഇതിലൂടെ പാറയുടെ മുകളിലേക്കു കയറിയാൽ നാഭി കുഴിയിൽ കുടിനീരുമായി തമ്പുരാട്ടിപാറ സ്ത്രീയുടെ കിടപ്പിനെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ നിലകൊള്ളുന്നു. എത്ര വേനൽ ആയാലും പാറയുടെ മധ്യഭാഗത്തുള്ള കുളത്തിലെ ജലം വറ്റിപ്പോകാറില്ല.

തമ്പുരാട്ടിപാറയിൽനിന്നു പ്രകൃതിയുടെ സൗന്ദര്യം ആസ്വദിച്ചുകഴിഞ്ഞാൽ അടുത്തതായി പോകേണ്ടത് തമ്പുരാൻപാറയിലേക്കാണ്. തമ്പുരാൻപാറയിലേക്കു കയറാൻ ചെറിയ ഒരു വഴിയുണ്ട്. 

ഇടതൂർന്നു നിൽക്കുന്ന പുല്ലുക്കൾക്കിടയിൽക്കൂടി തമ്പുരാൻപാറയിലേക്കു പ്രവേശിക്കുമ്പോൾ സഞ്ചാരികളെ കാത്തിരിക്കുന്നത് വിസ്മയിപ്പിക്കുന്ന മറ്റു കാഴ്ചകളാണ്. തമ്പുരാൻപാറയ്ക്ക് മുകളിൽ എപ്പോഴും വീശി അടിച്ചുകൊണ്ടിരിക്കുന്ന തണുത്ത കാറ്റാണ് ഈ പ്രത്യേകതയ്ക്കു കാരണം. പാറയ്ക്കുമുകളിലെ കാറ്റുംകൊണ്ട് പാറയ്ക്കു മുകളിൽ ഇരുന്ന് സൂര്യോദയവും അസ്തമയവും കാണാൻ കഴിയുന്നത് ഏറെ ഹൃദ്യമായ കാഴ്ചയാണ്.

തമ്പുരാൻപാറയുടെ താഴ് വശത്ത് ഒരു ഗുഹാക്ഷേത്രമുണ്ട്. ഇവിടെ ശിവരാത്രിനാളിൽ ഉത്സവം നടക്കാറുണ്ട്.വെമ്പായം മദപുരത്തെ തമ്പുരാൻ-തമ്പുരാട്ടി പാറ:അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് തമ്പുരാൻ-തമ്പുരാട്ടി പാറ നേരിടുന്ന പ്രശ്‌നമാണ്. നിരവധി സഞ്ചാരികൾ എത്തുന്നുണ്ടെങ്കിലും വേണ്ടത്ര സുരക്ഷയും സൗകര്യവും ലഭിക്കുന്നില്ലെന്ന് പരാതിയുണ്ട്. ടൂറിസം വകുപ്പ് പാറയ്ക്കു മുകളിൽ നിർമിച്ച കെട്ടിടം സമൂഹവിരുദ്ധരുടെ താവളമായി മാറാറുണ്ട്. വൈദ്യുതി ഇല്ലാത്തതിനാൽ ഏറെ രാത്രിവരെ പാറയ്ക്കു മുകളിൽ ഇരിക്കാൻ കഴിയില്ല. പാറയ്ക്കു മുകളിൽ ശൗചാലയവുമില്ല.അടിസ്ഥാനസൗകര്യങ്ങളില്ല