വർക്കല: നമ്പർ പ്ലേറ്റ്, ഇൻഷുറൻസ്, ലൈസൻസ് ഒന്നുമില്ലാതെ അമിത വേഗത്തിൽ ബൈക്ക് ഓടിച്ച കോളേജ് വിദ്യാർത്ഥിക്കു വർക്കല സബ് ആർടിഒ കനത്ത പിഴ ചുമത്തി. വർക്കല എസ്എൻ കോളേജ് പരിസരത്ത് മുന്നിലും പിന്നിലും നമ്പർ പ്ലേറ്റില്ലാതെ ബൈക്കുമായി കറങ്ങി നടന്ന വിദ്യാർത്ഥിയുടെ പ്രകടനം സ്ഥലത്തെ എംവിഐ എസ്. ദിലീപ് നിരീക്ഷിച്ചു വരവയാണ് കഴിഞ്ഞ ദിവസം കോളേജ് പരിസരത്ത് ബൈക്ക് പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ എംവിഐ ബൈക്ക് ചങ്ങലയും താഴും ഉപയോഗിച്ച് പൂട്ടിയിട്ടു. തുടർന്ന് ബൈക്കിന്റെ ഷാസി, എഞ്ചിൻ നമ്പർ മനസ്സിലാക്കി ഉടമസ്ഥനെ കണ്ടെത്തി ഫോൺ മുഖേന ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ആർടി ഓഫീസിൽ എത്തിയ ആളെ എംവിഐ ഡി. ജെ. ദീപു വിശദമായി ചോദ്യം ചെയ്തപ്പോൾ ബൈക്കിന് ഇൻഷുറൻസ്, ലൈസൻസ് എന്നിവ ഇല്ലെന്നു മനസിലായത്. എല്ലാം ചേർത്ത് പിഴ ഈടാക്കിയപ്പോൾ 10,000 രൂപയായി ഉയർന്നു. രണ്ടു നമ്പർ പ്ലേറ്റുകളും ഇല്ലാതെ ബൈക്ക് ഓടിച്ചതിനു പിന്നിലെ ദുരൂഹതയും അന്വേഷിക്കുന്നുണ്ട്.