മടവൂർ: ജൈവ കമ്പോസ്റ്റ് ബിന്‍ വിതരണത്തിന് തുടക്കം കുറിച്ച് മടവൂര്‍ ഗ്രാമപഞ്ചായത്ത്. 308 ബിന്നുകളാണ് മടവൂര്‍ പഞ്ചായത്തില്‍ ഉദ്ഘാടന ദിനം വിതരണം ചെയ്തത്. 1800 രൂപ വിലവരുന്ന ബിന്നുകള്‍ സബ്‌സിഡി നിരക്കില്‍ 180 രൂപയ്ക്കാണ് പൊതുജനങ്ങള്‍ക്ക് ലഭിക്കുക. സംസ്ഥാന സര്‍ക്കാരിന്റെയും ഹരിത കേരള മിഷന്റെയും സഹകരണത്തോടെയാണ് വിവിധ പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കുന്നത്. മടവൂര്‍ മിനിസിവില്‍ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ വി ജോയി എം.എല്‍.എ ബിന്നുകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം ബിജു അധ്യക്ഷത വഹിച്ചു. അടുക്കള മാലിന്യം ജൈവ വളം ആക്കി മാറ്റാന്‍ സഹായിക്കുന്നതാണ് ബയോ കമ്പോസ്റ്റ് ബിന്‍.മൂന്ന് തട്ടുകളോട് കൂടിയ ഈ മാലിന്യ സംഭരണി തയ്യാറാക്കിയത് സംയോജിത ഗ്രാമീണ സാങ്കേതിക വിദ്യാ കേന്ദ്രമാണ്. ബിന്നില്‍ നിക്ഷേപിക്കുന്ന അടുക്കള മാലിന്യം ജൈവ വളമാക്കി മാറ്റുകയും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യാം. ഹരിത കര്‍മ്മ സേന അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് അംഗം ബേബി സുധ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.