ഗവര്‍ണര്‍ അസംബന്ധം പറയുന്നത് അവസാനിപ്പിക്കണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. മുഖ്യമന്ത്രിയുടെ അറിവോടെയാണ് സര്‍വകലാശാലകളില്‍ ബന്ധുനിയമനങ്ങള്‍ നടക്കുന്നതെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിന് പിന്നാലെയാണ് മുഖ്യമന്ത്രി കടുത്ത ഭാഷയില്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ചത്. ഇരിക്കുന്ന സ്ഥാനത്തിന് അനുസരിച്ചായിരിക്കണം വര്‍ത്തമാനമെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.
ഇതിന് പിന്നാലെ മുഖ്യമന്ത്രിക്ക് എതിരെ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രംഗത്തെത്തി. ഗവര്‍ണര്‍ പദവിയെ അപകീര്‍ത്തിപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകള്‍ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഇതുവരെ പിന്നില്‍ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നല്‍കിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് ഗവര്‍ണര്‍ക്ക് എതിരെ ഇടത് നേതാക്കള്‍ കൂട്ടമായി രംഗത്തെത്തി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രൂക്ഷഭാഷയില്‍ ഗവര്‍ണറെ വിമര്‍ശിച്ചു. ശനിയാഴ്ച ഗവര്‍ണര്‍ ആര്‍എസ്‌എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.