കാട്ടാക്കട : മദ്യപിച്ച് കെഎസ്ആർടിസി ഡിപ്പോയിൽ ബഹളം വച്ചതു ചോദ്യം ചെയ്ത പൊലീസിനു നേരെ യുവാക്കളുടെ കയ്യേറ്റം. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പതിനഞ്ചു മിനിറ്റോളം ഇവർ പൊലീസുകാരെ അസഭ്യം വിളിച്ചതായി നാട്ടുകാർ പറഞ്ഞു. ഇവരെ കസ്റ്റഡിയിലെടുക്കുന്നതിനിടെയാണു കാട്ടാക്കട സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ ജോയ് ഡെന്നിസിനു മർദ്ദനമേറ്റത്.
കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ ഇന്നലെ വൈകിട്ട് നാലേകാലോടെയാണ് സംഭവം. മദ്യപിച്ചെത്തിയ കിള്ളി പനയംകോട് വിഷ്ണു ഭവനിൽ വിഷ്ണു(24)കുറ്റിക്കാട് പണയിൽ വീട്ടിൽ നിതിൻ(24) എന്നിവരാണ് പിടിയിലായത്.
ഡിപ്പോയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡും സിവിൽ പൊലീസ് ഓഫിസർ ജോയ് ഡെന്നീസും ഇരുവരെയും തടയാൻ ശ്രമിച്ചു. അതിനിടെയാണ് ജോയ് ഡെന്നിസിനു മർദ്ദനമേറ്റത്. ഇതിനിടെ ബസിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. പിന്നീട് കൂടുതൽ പൊലീസുകാരെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തു. മദ്യ ലഹരിയിൽ ആയിരുന്ന ഇവർ . രാത്രി വൈകിയും സ്റ്റേഷനിൽ ബഹളം വച്ചതായി പൊലീസ് പറഞ്ഞു. ഇവരുടെ ബാഗിൽ സ്ക്രൂഡ്രൈവറും ഇരുമ്പ് വയറും ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. ഡ്യൂട്ടിയിലായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും കൃത്യ നിർവഹണം തസ്സപ്പെടുത്തുകയും ചെയ്തതിന് ഇരുവർക്കുമെതിരെ കേസ് റജിസ്റ്റർ ചെയ്തു.