എസ് ഐയുടെ മുന്നില്‍ വച്ച് വനിതാ പൊലീസുകാരുടെ വാക്കേറ്റം; സംഭവം ആര്യനാട് പൊലീസ് സ്റ്റേഷനിൽ

ആര്യനാട്: ആര്യനാട് പൊലീസ് സ്റ്റേഷനിൽ വനിതാ എസ്ഐയുടെ മുന്നില്‍ രണ്ട് വനിത പൊലീസുകാർ തമ്മിൽ വഴക്കിട്ടു. ഒളിച്ചോടിയവരെ കോടതിയിൽ ഹാജരാക്കാൻ പോകാൻ എസ്.ഐ ഷീന നിർദേശം നൽകിയതിന് പിന്നാലെയാണ് ഗിരിജ, സരിത എന്നീ വനിതാ പൊലീസുകാര്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റമുണ്ടായത്. വിവാഹിതനായ ആൾ 18 കാരിയുമായി ഒളിച്ചോടുകയും വീട്ടുകാരുടെ പരാതിയിൽ പൊലീസ് ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ഇവരെ കോടതിയിൽ ഹാജരാക്കാൻ എസ്ഐ നിർദേശിച്ചു. ഇതിന് ശേഷമായിരുന്നു വനിതാ പോലിസുകാരുടെ തർക്കം.

 

ജോലി സമയത്തെച്ചൊല്ലിയുള്ള തർക്കമാണ് ബഹളത്തിന് ഇടയാക്കിയതെന്നാണ് വിവരം. എനിക്ക് പോകാന്‍ സൗകര്യമില്ല എന്നായിരുന്നു ഒരു പൊലീസുകാരിയുടെ മറുപടി. വനിത എസ്.ഐ ഷീനയുടെ മുന്നിൽ വച്ചാണ് തർക്കമുണ്ടായത്. വനിതാ പൊലീസ് എസ്ഐയോട് കയർത്ത് സീറ്റിൽ നിന്ന് ഇറങ്ങി പോകുന്നതും ദൃശ്യത്തിൽ ഉണ്ട്. പരാതിക്കാരും മറ്റ് ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ മുന്നില്‍ വച്ചാണ് പൊലീസുകാര്‍ തമ്മില്‍ പരസ്പരം കൊരുത്തത്. സ്റ്റേഷനിലെത്തിയ നാട്ടുകാര്‍ ആരോ എടുത്ത വീഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.