*വേവ്‌ കൂടി അരിവില, വെള്ള അരി 60ലേക്ക്‌; മൂന്നുമാസത്തിനിടെ കൂടിയത് 15 രൂപ, ഇനിയും കുതിച്ചുയരുമെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌, പൂഴ്‌ത്തിവയ്‌പ്പ് വ്യാപകം*

.മലയാളികളുടെ ഇഷ്‌ടഭക്ഷണമായ അരിയുടെ വില സര്‍വകാല റെക്കോഡിലേക്ക്‌. കഴിഞ്ഞ മൂന്നു മാസത്തിനിടയില്‍ വില ഉയര്‍ന്നത്‌ ശരാശരി 15 രൂപ വരെ. രാജ്യത്ത്‌ അരിവില ഇനിയും കുതിച്ചുയരുമെന്ന കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ മുന്നറിയിപ്പ്‌ വിലക്കയറ്റത്തിനു വേഗത കൂട്ടി. ഖാരിഫ്‌ സീസണില്‍ ഉല്‍പാദനം കുറഞ്ഞതിനാല്‍ ചില്ലറ, മൊത്ത വില്‍പ്പനവില ഉയരുമെന്നാണ്‌ മന്ത്രാലയം അറിയിച്ചിരുന്നത്‌. കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നയത്തില്‍ വരുത്തിയ മാറ്റവും വിലക്കുതിപ്പിനു കാരണമായി. ഇതോടെ പൂഴ്‌ത്തിവയ്‌പ്പും വ്യാപകമായിട്ടുണ്ട്‌. 
 
സംസ്‌ഥാനത്ത്‌ ആവശ്യക്കാര്‍ കുറവായ വെള്ള അരിയുടെ വില അറുപതിലേക്ക്‌ അടുക്കുന്നു. ഇതിന്‌ ആനുപാതികമായി മട്ട അരിക്കും വില കുതിക്കുകയാണ്‌. ഓണം കഴിയുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ക്കു വില കുറയുന്ന പതിവ്‌ ഇക്കുറി ഉണ്ടായില്ല. "ഉപ്പു തൊട്ട്‌ കര്‍പ്പൂരംവരെ"യുള്ളവയ്‌ക്ക്‌ വില ഉയരുകയാണ്‌. വിലക്കയറ്റം തടയാന്‍ 13 ഇന സബ്‌സിഡി സാധനങ്ങള്‍ സൈപ്ലകോ വഴി വിതരണം ചെയ്യുന്നുണ്ടെന്നു സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും ഇവയില്‍ ഒട്ടുമിക്കതും ലഭിക്കുന്നില്ലെന്ന പരാതിയും വ്യാപകമായുണ്ട്‌. ഗോതമ്പിനു വില ഉയര്‍ന്നതും ഉത്തരേന്ത്യയില്‍ നെല്‍പ്പാടങ്ങളുടെ വിസ്‌തൃതി 5.62 ശതമാനം വരെ (22.9 ലക്ഷം ഹെക്‌ടര്‍) കുറഞ്ഞതുമാണ്‌ വില ഉയരാന്‍ കാരണം. ഇതിനു പുറമേ കാലാവസ്‌ഥാ വ്യതിയാനവും വിലക്കയറ്റത്തിനു കാരണമായി. 
 
കാലം തെറ്റിയെത്തിയ മഴയില്‍ നെല്‍കൃഷി വ്യാപകമായി നശിച്ചതോടെ സംസ്‌ഥാനത്തേക്കുള്ള ലോഡിന്റെ എണ്ണത്തില്‍ കുറവുണ്ടായി. കേരളത്തില്‍ കൂടുതലായി ഉപയോഗിക്കുന്ന മട്ട അരിയുടെ വില 58 രൂപയോടടുക്കുന്നു. മേല്‍ത്തരം അരിയുടെ മൊത്തവില 50 കടന്നു. ആന്ധ്ര ജയ (വെള്ള) അരിയുടെ പുതിയ നിരക്ക്‌ 58 രൂപ പിന്നിട്ടു. ചില്ലറവില അറുപതിനോടും അടുക്കുകയാണ്‌. മുമ്പ്‌ വെള്ള അരിക്ക്‌ മട്ട അരിയെക്കാള്‍ വിലക്കുറവായിരുന്നു. ഇപ്പോള്‍ മട്ടയെ കടത്തിവെട്ടി വെള്ള കുതിക്കുകയാണ്‌.ഗോതമ്പുവില ഉയര്‍ന്നതോടെ അരിക്ക്‌ ആവശ്യക്കാര്‍ വര്‍ധിച്ചത്‌ വില പൊടുന്നനെ കൂടാന്‍ ഇടയാക്കി. ഗോതമ്പിനു വില കൂടിയപ്പോള്‍ ഉത്തരേന്ത്യയിലേക്ക്‌ കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട്‌ അരി കൂടുതല്‍ പോയതും കേരളത്തിനു തിരിച്ചടിയായി. ബസുമതി ഇതര അരിയുടെ കയറ്റുമതി വന്‍തോതില്‍ ഉയര്‍ന്നു. ഉല്‍പാദനം ഇതിനനുസരിച്ച്‌ ഉയര്‍ന്നിട്ടുമില്ല. ഈ മാസം ആദ്യം കയറ്റുമതിനിയന്ത്രണം കൊണ്ടുവന്നെങ്കിലും കാര്യമായ നേട്ടമുണ്ടായിട്ടില്ല. മന്ത്രാലയത്തിന്റെ റിപ്പോട്ട്‌ പ്രകാരം ഇത്തവണ 10.4 കോടി ടണ്‍ അരി ഉത്‌പാദനം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ സീസണില്‍ ഇത്‌ 11.1 കോടി ടണ്ണായിരുന്നു. അരികയറ്റുമതി 11 ശതമാനം ഉയരുകയും ചെയ്‌തു. 
 
പഞ്ചസാര ഫാക്‌ടറികളിലെ ഉപോല്‍പ്പന്നമായ എഥനോള്‍ മതിയാകാതെ വന്നപ്പോള്‍ എഫ്‌.സി.ഐ. ഗോഡൗണുകളിലെ അധിക അരി എഥനോള്‍ ഉല്‍പാദനത്തിനായി മാറ്റിയിരുന്നു. വാഹന ഇന്ധനത്തില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തി ഇന്ധനച്ചെലവും മലിനീകരണവും കുറയ്‌ക്കാനുള്ള കേന്ദ്രപദ്ധതിയും അരിവില കൂട്ടി. അരിയുടെ ലഭ്യതയെയും ഇവ ബാധിച്ചു. ചെറുകിട വിലസൂചിക പ്രകാരം രാജ്യത്ത്‌ അരിവില ആഴ്‌ചയില്‍ 0.24 ശതമാനവും മാസത്തില്‍ 2.46 ശതമാനവും കൂടുന്നുണ്ട്‌. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ സെപ്‌റ്റംബറില്‍ 8.67 ശതമാനമാണു വിലക്കയറ്റം. അഞ്ചു വര്‍ഷത്തിനിടെ ശരാശരി 15.14 ശതമാനമാണ്‌ അരിവില ഉയര്‍ന്നത്‌. 
അരിക്കു പുറമേ മുളകിനും മല്ലിക്കും ഉഴുന്നിനും പയറിനും പഞ്ചസാരയ്‌ക്കും വില കുതിക്കുകയാണ്‌. കശ്‌മീരി മുളകിന്‌ 100 രൂപയാണു വര്‍ധിച്ചത്‌.