'ന്റെ ഭഗവതീ!': വീണ്ടും തങ്കരാജന് അടിച്ചൂ മോനെ ‘ബംപർ’, '2.5 കോടി രൂപ' കമ്മിഷനായി ലഭിക്കും

തിരുവനന്തപുരം•തിരുവോണം ബംപർ ടിക്കറ്റി‍ലൂടെ ഭഗവതി ലോട്ടറി ഏജൻസിക്കു ഭാഗ്യം കൊണ്ടുവരുന്നത് ഇതു രണ്ടാം തവണ. സംസ്ഥാന ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഉയർന്ന സമ്മാനത്തുകയായ 25 കോടി രൂപ ശ്രീവരാഹം സ്വദേശി അനൂപിന് ലഭിച്ചപ്പോൾ, ടിക്കറ്റ് വിറ്റ ഏജൻസി ഉടമ ചിറയിൻകീഴ് താമരക്കുളം മഠത്തിൽ വീട്ടിൽ പി.തങ്കരാ‍ജനും ഇത്തവണ ബംപറടിച്ചു. പഴവങ്ങാടി‍യിലെ ശാഖയിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ചില്ലറ വിൽപനയായിരുന്നു. 2015ലും തിരുവോണ ബംപർ ഒന്നാം സമ്മാനം വിറ്റത് ഭഗവതി ലോട്ടറി ഏജൻസീ‍സിലൂടെയായിരുന്നു.7 കോടി രൂപയായിരുന്നു അന്നു സമ്മാനത്തുക. 2017ലെ വിഷു ബംപർ ഒന്നാം സമ്മാനവും, അതേ വർഷം ക്രിസ്മസ് – ന്യൂഇയർ ബംപർ ഒന്നാം സമ്മാനവും വിറ്റതും ഇതേ ഏജൻസി മുഖേനയായിരുന്നു. 2016ൽ സമ്മർ ലോട്ടറിയുടെ ഒന്നാം സമ്മാനാർഹമായ ടിക്കറ്റും വിറ്റു. സംസ്ഥാന ഭാഗ്യക്കുറിയുടെ പ്രതിവാര ലോട്ടറികളി‍ലൂടെ ഇതു വരെ 125–ൽ അധികം ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ മാസവും 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനമായ ടിക്കറ്റു വിറ്റു. തിരുവോണം ബംപറി‍ലൂടെ ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റു വിറ്റതി‍നാൽ 10% ഏജൻസി കമ്മിഷനായി തങ്കരാജനു ലഭിക്കും.2.5 കോടി രൂപയാണ് കമ്മിഷനായി ലഭിക്കുക. നികുതിയും സർചാർജും മറ്റും കിഴിച്ച് 1.55 കോടിയാണ് കയ്യിൽ കിട്ടുക‍യെന്നും തങ്കരാജൻ പറയുന്നു. തിരുവനന്തപുരത്തും കൊല്ലത്തും ഉൾപ്പെടെ 21 ശാഖകളാണ് ഭഗവതി ഏജൻസീ‍സിനുള്ളത്. ഇതിൽ 19 എണ്ണവും തിരുവനന്തപുരത്താണ്. ഏജൻസി കമ്മിഷനായി കിട്ടുന്ന തുകയിൽ ഒരു ഭാഗം ജീവനക്കാർക്കു നൽകുമെന്നു തങ്കരാജൻ പറഞ്ഞു. 20 വർഷമായി ഈ രംഗത്തുണ്ട്. സിരീഷ‍യാണ് ഭാര്യ. മക്കൾ:വിഷ്ണു, ഗായത്രി.