ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി 20 : ആവേശത്തിരയേറുന്നു,മത്സരം 28-ന്; ടിക്കറ്റ് വിൽപ്പന 19-ന് തുടങ്ങും

തിരുവനന്തപുരം : ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 28-നു നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന 19-നു തുടങ്ങും. ഓൺലൈൻ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടൻ സുരേഷ് ഗോപി നിർവഹിക്കും. ടിക്കറ്റ് നിരക്ക് അടുത്തദിവസം തീരുമാനിക്കും. 

രണ്ടുവർഷത്തിനുശേഷമാണ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം അന്താരാഷ്ട്ര മത്സരത്തിനു വേദിയാകുന്നത്. 

ടി20 ലോകകപ്പിനു മുൻപുള്ള ഇന്ത്യയുടെ അവസാന പരമ്പരയിലെ ആദ്യ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. 25-ന് ഹൈദരാബാദിൽ ഓസ്‌ട്രേലിയയുമായുള്ള മത്സരശേഷം ഇന്ത്യൻ ടീം തിരുവനന്തപുരത്തെത്തും. ദക്ഷിണാഫ്രിക്കൻ ടീം മത്സരത്തിനു നാലുദിവസം മുൻപ് എത്തുമെന്നാണ് സൂചന. 

കോവളത്തെ റാവിസ് ഹോട്ടലിലാണ് ഇരു ടീമുകളും തങ്ങുക. സ്റ്റേഡിയത്തിലെ ഫീൽഡ് ഓഫ് പ്ലേ അന്താരാഷ്ട്ര മത്സരത്തിനു സജ്ജമായിട്ടുണ്ട്. 40000-ത്തിലേറെ കാണികളെ ഉൾക്കൊള്ളാവുന്ന തരത്തിലാണ് ഗാലറി സജ്ജമാക്കുന്നത്. 

ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും മത്സരം കാണാൻ തിരുവനന്തപുരത്തെത്തുമെന്ന് കെ.സി.എ. സെക്രട്ടറി ശ്രീജിത്ത് വി.നായർ പറഞ്ഞു. മത്സരത്തിന്റെ ടിക്കറ്റ് വിൽപ്പനയ്ക്ക് വിനോദനികുതിയിൽ സർക്കാർ ഇളവ് അനുവദിച്ചിട്ടുണ്ട്. വിനോദനികുതിയിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് കെ.സി.എ. സർക്കാരിന് കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിൽ അഞ്ചുശതമാനമായാണ് കുറച്ചത്. 24 ശതമാനം മുതലാണ് സാധാരണ വിനോദനികുതി.

നികുതിയിനത്തിൽ നഗരസഭയ്ക്ക് കിട്ടാനുള്ളത് 2.25 കോടി

: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്റെ നികുതിക്കുടിശ്ശികയായി നഗരസഭയ്ക്കു ലഭിക്കാനുള്ളത് 2.25 കോടി രൂപയിലധികം. സ്റ്റേഡിയത്തിന്റെ നടത്തിപ്പുകാരായ സ്‌പോർട്‌സ് ഹബ്ബ് 2017 മുതൽ 2022 മാർച്ച് വരെയുള്ള നികുതിയാണ്അടയ്ക്കാനുള്ളത്. പലതവണ നഗരസഭ നോട്ടീസ് അയച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ല. അന്താരാഷ്ട്ര മത്സരത്തിനു മുന്നോടിയായി തുക ഈടാക്കാനായി നഗരസഭ വീണ്ടും നോട്ടീസ് നൽകിയിട്ടുണ്ട്. നികുതി അടച്ച് നിയമപ്രശ്‌നങ്ങൾ ഒഴിവാക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് കെ.സി.എ. സർക്കാരിനെ സമീപിച്ചിട്ടുണ്ട്. സർക്കാർ സ്‌പോർട്‌സ് ഹബ്ബിന് രണ്ടു വർഷമായി ആന്വിറ്റി ഇനത്തിൽ വൻതുക നൽകാനുണ്ട്. ആന്വിറ്റി തുകയിൽനിന്നു നഗരസഭയുടെ നികുതി അടയ്ക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.