148 റോഡിൽ 67ലും കുഴി, വേണ്ടത്ര ടാറില്ല, റോഡ് റോളറുമില്ല, വിജിലൻസ് റിപ്പോർട്ട്

തിരുവനന്തപുരം: കഴിഞ്ഞ ആറുമാസത്തിനിടെ നടത്തിയ റോഡ് അറ്റകുറ്റപ്പണിയില്‍ ബഹുഭൂരിപക്ഷത്തിലും അപാകതയെന്ന് കണ്ടെത്തല്‍.ഓപ്പറേഷന്‍ സരള്‍രാസ്തയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ടാറിംഗ് നടത്തിയ റോഡുകളില്‍ പകുതിയോളം എണ്ണത്തിലും കുഴി കണ്ടെത്തിയത്. 148 റോഡുകള്‍ പരിശോധിച്ചതില്‍ 67 എണ്ണത്തിലും വലിയ കുഴികള്‍ രൂപപ്പെട്ടതായി കണ്ടെത്തിയെന്ന് വിജിലന്‍സ് വ്യക്തമാക്കി.

19 ഓളം റോഡുകളില്‍ നിര്‍മ്മാണത്തിന് വേണ്ടത്ര ടാര്‍ ഉപയോഗിച്ചിട്ടില്ല. പലയിടത്തും റോഡ് നിര്‍മ്മാണത്തിന് റോഡ് റോളര്‍ ഉപയോഗിച്ചിട്ടില്ല. കോഴിക്കോട് ഒരു റോഡ് ഒരു മാസത്തിനകം ഗതാഗതം സാധ്യമല്ലാത്ത വിധം പൂര്‍ണമായി പൊട്ടിപ്പൊളിഞ്ഞതായും കണ്ടെത്തി. പൊതുമരാമത്തു വകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍, കെഎസ്‌ഇബി പദ്ധതിയുടെ ഭാ​ഗമായി നിര്‍മ്മിച്ച റോഡുകളിലുമായിരുന്നു ഇന്നലെ പരിശോധന നടത്തിയത്.

റോഡ് നിര്‍മ്മാണത്തിലെ അഴിമതിയും ക്രമക്കേടും കണ്ടെത്തുന്നതിനാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ സരള്‍രാസ്ത എന്നപേരില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തുന്നത്. ശാസ്ത്രീയ പരിശോധനാ ഫലം കൂടി ലഭിച്ച ശേഷം വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം അറിയിച്ചു