വിധി എഴുതിവച്ച്‌ കഴിഞ്ഞു, ഇപ്പോൾ നടക്കുന്നത് നാടകം; വിചാരണക്കോടതിക്കെതിരെ ഭാഗ്യലക്ഷ്മി

തിരുവനന്തപുരം:നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിക്കെതിരെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി.വിധി എഴുതിവച്ച്‌ കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നത് നാടകമാണ്. ഉന്നതരോട് ഒരുനീതി, സാധാരണക്കാരനോട് ഒരുനീതി എന്നതാണ് സമീപനമെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.

‘അവര്‍ ആദ്യമേ വിധിയെഴുതിവച്ച്‌ കഴിഞ്ഞു. ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസം മാത്രമെയുള്ളു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് മുഴുവനും മറ്റുപലനാടകമാണ്. അവിടെ കൊണ്ടുപോയി പേപ്പര്‍ കൊടുക്കുമ്പോൾ പ്രോസിക്യൂട്ടര്‍മാര്‍ അനുഭവിക്കുന്ന പരിഹാസമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടുപോലും നമ്മുടെ ജ്യൂഡീഷ്യറി ചോദിക്കുന്നില്ല.എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിന് ഒരുകാരണം ഉണ്ടാകും. ഉന്നതന്‍ കോടതിയില്‍ പോയി നില്‍ക്കുമ്ബോള്‍ കോടതി ചോദിക്കുന്നത് എന്താണ്. നിങ്ങള്‍ക്ക് ഇത് ചെയ്തൂകൂടെ എന്നാണ്. ഇത് സാധാരണക്കാരനോട് ചോദിച്ചാല്‍ കുറെക്കൂടി ബഹുമാനം ഉണ്ടാകുമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.’

ദൃശ്യങ്ങള്‍ കൈവശമില്ലെന്ന് ദിലീപ്

നടിയെ ആക്രമിച്ച കേസില്‍ പ്രോസിക്യൂഷനെതിരെ രൂക്ഷവിമര്‍ശനവുമായി ദിലീപ്. ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനാണു ശ്രമമെന്നു ദിലീപിന്റെ അഭിഭാഷകര്‍ കോടതിയില്‍ ആരോപിച്ചു. കോടതി വിഡിയോ പരിശോധിച്ചെങ്കില്‍ അതില്‍ എന്താണു തെറ്റ്?. അന്വേഷണ വിവരങ്ങള്‍ ഇപ്പോഴും മാധ്യമങ്ങളിലൂടെ പുറത്തുവരുന്നു. പ്രോസിക്യൂഷനും അന്വേഷണ സംഘവുമാണ് ഇതിനു പിന്നില്‍. ഒരു ദിവസം പോലും തുടരന്വേഷണം നീട്ടരുതെന്നും ദിലീപ് കോടതിയില്‍ അഭ്യര്‍ഥിച്ചു.

അഭിഭാഷകന്റെ നോട്ട് ആണ് ദൃശ്യത്തിന്റെ വിവരണം എന്നു പൊലീസ് പറയുന്നത്. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യൂ മാറിയെന്നു പറയുന്നത് മൂന്നു വര്‍ഷത്തിനു ശേഷമാണ്. മൂന്നു വര്‍ഷത്തിനു ശേഷമാണ് പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കുന്നത്. ഡിവൈഎസ്പി ബൈജു പൗലോസ് വിചാരണ ഒഴിവാക്കാനാണു ശ്രമിക്കുന്നതെന്നും ദിലീപ് ആരോപിച്ചു.

കേസിന്റെ തുടരന്വേഷണ കാലാവധി നീട്ടണമെന്ന ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് മാറണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി നിരസിച്ചിരുന്നു. നേരത്തേ കേസ് അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നു കാട്ടി അതിജീവിത നല്‍കിയ ഹര്‍ജി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പരിഗണിക്കരുതെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ജഡ്ജി സ്വയം കേസ് പരിഗണിക്കുന്നതില്‍ നിന്നു പിന്‍മാറുകയായിരുന്നു. ഇതിനു പിന്നാലെയാണ് അതിജീവിത പുതിയ ആവശ്യവുമായി കോടതിയെ സമീപിച്ചത്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നു ചോര്‍ന്നതായി പറയുന്ന സമയത്ത് എറണാകുളം ജില്ലാ കോടതിയില്‍ ജഡ്ജി കൗസര്‍ എടപ്പഗത്തായിരുന്നു കേസ് പരിഗണിച്ചത്. പിന്നീടു ഹൈക്കോടതി ജസ്റ്റിസ് പദവിയലേയ്ക്ക് ഉയര്‍ത്തപ്പെടുകയായിരുന്നു. ഇതു ചൂണ്ടിക്കാട്ടിയാണ് തന്റെ ഹര്‍ജിയില്‍ നിന്നു പിന്‍മാറണമെന്ന ആവശ്യം അതിജീവിത ഉയര്‍ത്തിയതും ജഡ്ജി കേസ് മറ്റൊരു ബെഞ്ചിനു കൈമാറിയതും.

എന്നാല്‍ പുതിയ ആവശ്യം അംഗീകരിക്കാനാവില്ല എന്ന നിലപാടാണ് ഇന്നു ഹൈക്കോടതി സ്വീകരിച്ചത്. നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിനു സമയ പരിധി നിശ്ചയിച്ചതും അതു നീട്ടി നല്‍കിയതും താനാണെന്നും ഇതില്‍ നിയമപരമായ താനാണു തുടര്‍ വാദം കേള്‍ക്കണ്ടതെന്നും ചൂണ്ടിക്കാണിച്ചുകൊണ്ടാണു പുതിയ ആവശ്യം കോടതി നിരസിച്ചിരിക്കുന്നത്.

അതേസമയം നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിനു കൂടുതല്‍ സമയം അനുവദിക്കരുതെന്നു നടന്‍ ദിലീപ് കോടതിയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനായി ക്രൈംബ്രാഞ്ച് ചൂണ്ടിക്കാണിക്കുന്ന തെളിവുകളില്‍ വസ്തുതയില്ലെന്നും കൂടുതല്‍ വ്യാജ തെളിവുകള്‍ സൃഷ്ടിക്കുന്നതിനുമാണ് കൂടുതല്‍ സമയം ചോദിച്ചിരിക്കുന്നത് എന്നുമുള്ള വാദമാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്.