*സത്യശീലനും കുടുംബവും ഇനി സുരക്ഷിതഭവനത്തിൽ*

സത്യശീലനും കുടുംബത്തിനുംവേണ്ടി നിർമിച്ച വീട്
കല്ലറ : കല്ലറ ചെറുവാളം കുന്നിൽ കോളനിയിൽ സത്യശീലന്റെയും കുടുംബത്തിന്റെയും അടച്ചുറപ്പുള്ള വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ചു. വീട് നിർമിച്ചുനൽകിയ വർമ ഹോംസ് പ്രതിനിധികൾ പണി പൂർത്തിയാക്കിയ വീടിന്റെ താക്കോൽ സത്യശീലന്റെ മകളും പാങ്ങോട് മന്നാനിയ ആർട്‌സ് ആൻഡ്‌ സയൻസ് കോളേജിലെ എൻ.എസ്.എസ്. വൊളന്റിയറുമായ ബിനൂജയ്ക്കു കൈമാറി.

വർഷങ്ങളായി പൊളിയാറായ കൂരയിൽ വിദ്യാർഥികളായ രണ്ടു മക്കളുമൊത്ത് താമസിക്കുകയായിരുന്നു സത്യശീലനും കുടുംബവും. അടച്ചുറപ്പുള്ള ഒരു വീടിനുവേണ്ടി ഈ കുടുംബം കയറിയിറങ്ങാത്ത ഓഫീസുകളില്ല. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി വീട് അറ്റകുറ്റപ്പണികൾ നടത്തുന്നതിനുവേണ്ടി ഫണ്ട് അനുവദിക്കാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല. പിന്നീടുണ്ടായ കാറ്റിലും മഴയിലും വീടിന്റെ തകരവും പഴയ പ്ലാസ്റ്റിക്കും കൊണ്ട് മേഞ്ഞ മേൽക്കൂര പറന്നുപോയി. തുടർന്ന് മേൽക്കൂരകൾ കയറുകൊണ്ട് കെട്ടിവെച്ച് വീണ്ടും താമസിക്കുന്നതിനിടയിലാണ് അടുത്ത മഴയത്ത് വീട് പൂർണമായും നിലംപൊത്തിയത്. കുടുംബത്തിന്റെ ദുരവസ്ഥ കണ്ട് അഭ്യുദയകാംക്ഷികളും പ്രദേശവാസികളും ചേർന്ന് സമീപത്തുതന്നെ ഇവർക്ക് ഒരു വാടക വീട് ഏർപ്പാടാക്കിക്കൊടുത്തു.

വിദ്യാർഥികളായ മക്കളുടെയടക്കം ദുരവസ്ഥ ജൂൺ ഒൻപത് മാതൃഭൂമി വാർത്തയായി പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട വർമ ഹോംസ്, സത്യശീലനും കുടുംബത്തിനും തങ്ങളുടെ ‘ഭവനരഹിതരായ കുടുംബത്തിന് ഒരു വീട്‌’ എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വെച്ചുനൽകാമെന്ന് ഉറപ്പുനൽകി. വാഹന സൗകര്യമില്ലാതിരുന്ന കുന്നിൽകോളനിയിൽ പാങ്ങോട് മന്നാനിയ കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെയും അധ്യാപകരുടെയും സാമ്പത്തിക സഹായത്തോടെ വഴിവെട്ടി. ഇതോടെ സത്യശീലനു വീടും കുന്നിൽ കോളനിക്കാർക്ക് ഗതാഗതസൗകര്യവും ലഭിച്ചു.

ചടങ്ങിൽ താക്കോൽദാനച്ചടങ്ങിൽ ഡി.കെ.മുരളി എം.എൽ.എ., കല്ലറ പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി, വർമ ഹോംസ് എം.ഡി. അനിൽവർമ, ഡയറക്ടർ മിനിവർമ, വൈശാഖ് വർമ, പ്രതിനിധികളായ അജേഷ്, സുരേഷ്, ശ്യം, അഞ്ജലി, മന്നാനിയ കോളേജ് പ്രിൻസിപ്പൽ ഡോ. പി.നസീർ, എൻ.എസ്.എസ്. ഓഫീസർ ഡോ. ഹാഷിം, ഡി.കെ.മുരളി എം.എൽ.എ., കല്ലറ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജി.ജെ.ലിസി, ബ്ലോക്ക് അംഗം ആതിര, അജിംഷാ തുടങ്ങിയവർ പങ്കെടുത്തു"