BREAKING NEWS സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി ചാർജ് കൂട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു.ബസ് മിനിമം ചാര്‍ജ് എട്ടുരൂപയില്‍ നിന്ന് പത്ത് രൂപയായും ഓട്ടോയുടെ നിരക്ക്‌ മിനിമം ചാര്‍ജ്‌ 25 രൂപയായിരുന്നത് 30 രൂപയാക്കി.

മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം തള്ളി. മിനിമം ചാർജ് ദൂരത്തിനുശേഷം ഓരോ കിലോമീറ്ററിനും ഒരു രൂപ വീതം ഈടാക്കും. വിദ്യാർഥികളുടെ കണ്‍സഷന്‍ നിരക്ക് വർധിപ്പിക്കുന്നതു പുനഃപരിശോധിക്കും. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും. നിരക്ക് ഉയർത്തണമെന്ന ബസ് ഉടമകളുടെ ആവശ്യം ന്യായമാണെന്നു ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.

സംസ്ഥാനത്തെ ഓട്ടോറിക്ഷ/ടാക്സി നിരക്കു വർധിപ്പിക്കാനും തീരുമാനമായി. ഓട്ടോറിക്ഷയ്ക്ക് മിനിമം ചാർജ് 30 രൂപയാക്കി. അധികം വരുന്ന ഓരോ കിലോമീറ്ററിനും 15 രൂപ നൽകണം. 1500 സിസിയിൽ താഴെയുള്ള ടാക്സികൾക്കു മിനിമം ചാർജ് 200 രൂപയാക്കി. 1500 സിസിയിൽ മുകളിലുള്ള ടാക്സികൾക്ക് അഞ്ച് കിലോമീറ്റർ വരെ 225 രൂപയാണു മിനിമം ചാർജ്. പിന്നീട് ഓരോ കിലോമീറ്ററിനും 20 രൂപ നൽകണം. വെയ‌്റ്റിങ് ചാർജിൽ മാറ്റമില്ല.