തോലൊടിക്കുന്നതിനിടയിൽ ഇരുമ്പ് പൈപ്പ് 11 കെ.വി ലൈനിൽ തട്ടി ഗൃഹനാഥൻ മരിച്ചു

കല്ലമ്പലം: കൊങ്കി ഘടിപ്പിച്ച ഇരുമ്പ് പൈപ്പ് കൊണ്ട് ആടിന് പ്ലാവ് മരത്തിൽ നിന്ന് തോലൊടിക്കുന്നതിനിടയിൽ പൈപ്പ് 11 കെ.വി ലൈനിൽ തട്ടി ഒരു കണ്ണിനു മാത്രം കാഴ്ചയുള്ള മദ്ധ്യവയസ്ക്കൻ മരിച്ചു. പുതുശ്ശേരിമുക്ക് ഇടവൂർക്കോണം ചരുവിള പുത്തൻ വീട്ടിൽ ഷറഫുദ്ദീൻ (57) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു സംഭവം. കൃഷിയും ആട് വളർത്തലും ഞായറാഴ്ചകളിൽ മാടുകളെ വെട്ടി മാംസ വ്യാപാരവും സ്ഥിര തൊഴിലാക്കിയ ഷറഫുദ്ദീൻ ആടുകൾക്ക് നൽകാനായി മരങ്ങളിൽ നിന്ന് തോട്ട കൊണ്ട്‌ മരച്ചില്ലകൾ വലിച്ചിടുക പതിവായിരുന്നു. കഴിഞ്ഞ ദിവസം ഇത് ആവർത്തിക്കുമ്പോൾ ഇരുമ്പ് തോട്ട അബദ്ധത്തിൽ കെ.വി ലൈനിൽ തട്ടി വൈദ്യുതഘാതമേറ്റ് തെറിച്ചു വീണ് മരിക്കുകയായിരുന്നു. ചലനമറ്റ ഷറഫുദ്ദീനെ ബന്ധുക്കൾ കണ്ടെത്തി സ്വകാര്യ ആശൂപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിച്ചു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽകോളേജ് ആശൂപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ ഉച്ചയോടെ നാവായിക്കുളം ജുമാ മസ്ജിദിൽ ഖബറടക്കും.കെ.വി ലൈൻ പ്രദേശത്ത് വളരെ താഴ്ന്ന നിലയിലാണെന്നും ലൈനിൽ തട്ടി നിൽക്കുന്ന മരച്ചില്ലകൾ യഥാസമയം വെട്ടി മാറ്റാറില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നും, ഇത് സംബന്ധിച്ച് ഉന്നതധികാരികൾക്ക് പരാതി നൽകുമെന്നും വാർഡ്‌ മെമ്പർ ബ്രില്ല്യന്റ് നഹാസ് അറിയിച്ചു.ലൈലാബീവിയാണ് ഭാര്യ. മക്കൾ :ഷെഫീഖ്, ഷെമീം. മരുമക്കൾ: സജ്ന ,ഫാത്തിമ.
Media 16 news