*പരീക്ഷാഫലം വന്നപ്പോൾ ഇരട്ടി സന്തോഷം; ജയിംസ് 104 വയസ് ഫുൾ മാർക്ക്*

പഠ്ന ലിഖ്ന അഭിയാൻ പരീക്ഷ എഴുതുന്ന 104 കാരനായ എ.ജയിംസ് 2- ജയിംസിന്റെ ഉത്തര കടലാസ്
മലയിൻകീഴ് ∙ തന്റെ നാലാം തലമുറയിലെ ഏറ്റവും ഇളമുറക്കാരനായ ആൻജോ (5) ഒന്നാം ക്ലാസിലേക്ക് പോകാൻ തയാറെടുക്കുമ്പോൾ ജയിംസ് (104) അക്ഷരങ്ങളുടെ ലോകത്തേക്കു പിച്ച വയ്ക്കുകയാണ്  സംസ്ഥാന സാക്ഷരത മിഷന്റെ  പഠ്ന ലിഖ്ന അഭിയാൻ   പദ്ധതിയിൽ നേമം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഏറ്റവും പ്രായം കൂടിയ വിദ്യാർഥിയാണ് കർഷകനായ വിളപ്പിൽശാല നെടുങ്കുഴി ജിത്തു ഭവനിൽ എ. ജയിംസ്. നിരക്ഷരരായവരെ എഴുതാനും വായിക്കാനും പഠിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ നടന്ന പൊതു പരീക്ഷയിൽ പഠിതാവിന്റെ പേരും വയസ്സും എന്താണെന്ന ചോദ്യത്തിന് ഉത്തരം എഴുതുമ്പോൾ ഈ മുത്തച്ഛന്റെ മുഖത്ത് പുഞ്ചിരി വിടർന്നു. 150 ൽ 150 മാർക്കു നേടി ഫുൾ മാർക്കോടെ വിജയിച്ചു.

പരീക്ഷാഫലം വന്നപ്പോൾ  സന്തോഷം ഇരട്ടിച്ചു. അഞ്ചു പെൺമക്കളും 10 ചെറുമക്കളും അവരുടെ എട്ടു മക്കളും ഉൾപ്പെടെ നാലു തലമുറയുടെ കാരണവരാണ് ജയിംസ്. ഭാര്യ രാജമ്മ നാലു വർഷം മുൻപ് മരിച്ചു. അൽപം കേൾവി കുറവ് ഉണ്ടെങ്കിലും മറ്റു ആരോഗ്യ പ്രശ്നങ്ങളില്ല. സ്കൂൾ പഠനം മുടങ്ങിപ്പോയ വയോധികന് അവസരം വന്നാൽ ഇനിയും പഠിക്കണമെന്നാണ് ആഗ്രഹം. വിളപ്പിൽശാല പരുത്തൻപാറ അങ്കണവാടിയിൽ 11 പേരാണ് പരീക്ഷ എഴുതിയത്. ഇതിൽ ജയിംസ് ഒഴികെ ബാക്കി 10 പേരും പല പ്രായത്തിലുള്ള സ്ത്രീകളായിരുന്നു. പഞ്ചായത്ത് അംഗം ബി.ചന്ദ്രബാബു, പ്രേരകുമാരായ സൂസി, കുമാരി ഹെപ്സിചറ്റ് മണി എന്നിവരാണ് ഇവരെ പഠിപ്പിച്ചത്.     നേമം ബ്ലോക്കിന് കീഴിൽ 3044 പേരാണ് പരീക്ഷ എഴുതിയത്. കല്ലിയൂർ പഞ്ചായത്തിലെ ശിവൻകുട്ടി (31) ആണ് ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർഥി