കിളിമാനൂരിൽ കൈക്കുഞ്ഞുമൊത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരേ കാട്ടുപന്നിയുടെ ആക്രമണം

കിളിമാനൂർ : കൈക്കുഞ്ഞുമൊത്ത് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന കുടുംബത്തിന് നേരേ കാട്ടുപന്നിയുടെ ആക്രമണം. റോഡിൽ തെറിച്ചു വീണ് തലയ്ക്ക് പരിക്കേറ്റ കുഞ്ഞിന്റെ 
നില ഗുരുതരം. ദമ്പതിമാർക്ക് സാരമായി പരിക്കേറ്റു. കിളിമാനൂർ അടയമൺ വെള്ളാരംകുന്നിൽ വീട്ടിൽ അരുൺ ചിന്തു(32), ഭാര്യ അഖില (24), മകൾ ഐദിക (ആറ് മാസം)എന്നിവർക്കാണ് 
അപകടമുണ്ടായത്. ചൊവ്വാഴ്ച രാത്രി 7.30 ഓടെ കിളിമാനൂരിൽ നിന്നും വീട്ടിലേക്ക് മടങ്ങവേ ആറ്റൂരിൽ വെച്ചാണ് പന്നിയുടെ ആക്രമണമുണ്ടായത്. അപ്രതീക്ഷിതമായി ബൈക്കിൽ കാട്ടുപന്നിയിടിച്ചതോടെ നിയന്ത്രണം വിട്ട് മൂവരും തെറിച്ചു വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഐദികയെ സ്വകാര്യ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയ ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയതായി ബന്ധുക്കൾ പറഞ്ഞു
അരുൺ ചിന്തുവിന്റെ തോളെല്ലിനും കൈയിലുമാണ് സാരമായ പരിക്കുള്ളത്. അഖിലയുടെ ദേഹമാസകലം പരിക്കേറ്റിട്ടുണ്ട്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.കിളിമാനൂർ ടൗണിന്റെ ചുറ്റുമുള്ള മലയോര മേഖലകളിൽ കാട്ടുപന്നിയുടെ ആക്രമണം രൂക്ഷമായിട്ടുണ്ട്. ആറ് മാസത്തിനുള്ളിൽ പതിനഞ്ചോളം പേർക്ക് പന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിൽ ഒരു ഇരുചക്രവാഹന യാത്രക്കാരും, നടന്നു പോകുന്നവരും ആക്രമണത്തിനിരയായിട്ടുണ്ട്. കാട്ടുപന്നികളുടെ ശല്യം നിയന്ത്രിക്കണമെന്ന നാട്ടുകാരുടെ ആവശ്യം അവഗണിക്കുകയാണ് അധികൃതർ