*ഡി.വൈ.എഫ്.ഐ വലിയകുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ സ്നേഹപൂർവ്വം പദ്ധതിക്ക് തുടക്കം കുറിച്ചു*

ആറ്റിങ്ങൽ: വലിയകുന്ന് ഡി.വൈ.എഫ്.ഐ യൂണിറ്റിന്റെ നേതൃത്വത്തിലാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി നടന്ന പൊതിച്ചോറു വിതരണം നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരി ഉദ്ഘാടനം ചെയ്തു. വലിയകുന്ന് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാർക്കും ഉൾപ്പടെ 100 ൽ അധികം പൊതികൾ വിതരണം ചെയ്തു. സ്നേഹപൂർവ്വം പദ്ധതിയുടെ ഭാഗമായി പ്രദേശത്തെ വീടുകളിൽ നിന്ന് ശേഖരിച്ച പൊതികളായിരുന്നു വിതരണത്തിന് തയ്യാറാക്കിയത്. ഇനി മുതൽ എല്ലാ മാസവും ഒന്നാം തീയതി സൗജന്യ പൊതിച്ചോറ് വിതരണം ഉണ്ടായിരിക്കും. ഇതിന് പുറമെ രക്തദാനം, നിർധനർക്ക് സൗജന്യ ഭക്ഷ്യകിറ്റ്, വയോജനങ്ങൾക്ക് ആവശ്യമായ ജീവൻ രക്ഷാ മരുന്നുകൾ എത്തിക്കുന്നതടക്കമുള്ള വോളന്റിയർ പ്രവർത്തനം എന്നിവയും സ്നേഹപൂർവ്വം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. ആശുപത്രി അങ്കണത്തിൽ വച്ച് നടന്ന പരിപാടിയിൽ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ, കൗൺസിലർ എം.താഹിർ, ഒ.പി ഷീജ, യൂണിറ്റ് ഭാരവാഹികളായ ബിനുമോദ്, സരിത്ത്, ശരത്ത്, ഷമീർ തുടങ്ങിയവർ പങ്കെടുത്തു.