അട്ടക്കുളങ്ങര ജയിലിൽ നിന്നും പുറത്തിറങ്ങിയ സ്വപ്ന മാധ്യമങ്ങളോട് ഒന്നും പ്രതികരിക്കാതെ ആണ് വാഹനത്തിൽ കയറിയത്.സ്വർണക്കടത്ത്, ഡോളർ കടത്ത്, വ്യാജരേഖ ചമയ്ക്കൽ തുടങ്ങി ആറുകേസുകളിലും ജാമ്യം കിട്ടിയിരുന്നു. ഹൈക്കോടതി കർശന വ്യവസ്ഥകളോടെയാണ് എൻഐഎ കേസിൽ ജാമ്യം നൽകിയത്. അട്ടക്കുളങ്ങര വനിതാ ജയിലിലാണ് സ്വപ്നയെ പാർപ്പിച്ചിരിക്കുന്നത്. 2020 ജൂലൈ 11നാണ് അറസ്റ്റിലായത്.
25 ലക്ഷം രൂപയുടെ ബോണ്ടിലാണ് എൻഐഎ കേസിൽ സ്വപ്നയ്‌ക്ക് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഇഡിയുടേയും കസ്റ്റംസിൻ്റേയും കേസുകളിൽ സ്വപ്നയ്ക്ക് ജാമ്യം കിട്ടിയിരുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോഫോപോസെ നിയമം സ്വപ്നയ്ക്കെതിരെ ചുമത്തിയത് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
കേസിലെ മറ്റൊരു പ്രതിയായ സരിത്തിൻ്റെ കോഫോപോസെ കാലാവധി കുറച്ചുദിവസങ്ങൾ കൂടി ബാക്കിയുണ്ട്. മറ്റുള്ള പ്രതികൾക്കും കോഫോപോസെയിൽ കുറച്ചു ദിവസം കൂടി ജയിലിൽ തുടരേണ്ടി വരും. ഇതിനു ശേഷമേ പുറത്തിറങ്ങാനാവൂ.
കൊച്ചി കാക്കനാട് ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും കഴിഞ്ഞ ശേഷമാണ് സ്വപ്ന സുരേഷ് അട്ടക്കുളങ്ങര ജയിലിൽ എത്തിയത്.
സാമ്പത്തിക തീവ്രവാദത്തിന്‍റെ ഭാഗമാണ് സ്വർണക്കടത്തെന്നാണ് ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ എൻഐഎ വാദിച്ചത്. എന്നാൽ സ്വർണക്കടത്തിലൂടെ തീവ്രവാദ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിച്ചു എന്ന് തെളിയിക്കാനുള്ള എന്ത് തെളിവാണ് പ്രതികൾക്കെതിരായി ഉള്ളത് എന്ന് ഹൈക്കോടതി നേരത്തെ ചോദിച്ചിരുന്നു. രാജ്യത്തിൻ്റെ സാമ്പത്തിക അടിത്തറയെ അട്ടിമറിക്കാനുള്ള ഏത് ശ്രമമവും തീവ്രവാദമായി കാണണമെന്നായിരുന്നു എൻഐഎയുടെ വാദം. എന്നാൽ വാദം തള്ളിയാണ് പ്രതികൾക്ക് കോടതി ജാമ്യം നൽകിയത്.