ഓണ്‍ലൈന്‍ വിപണി കാര്യക്ഷമമാക്കാന്‍ വിതരണത്തിന്റെ മേല്‍നോട്ടച്ചുമതല സപ്ലൈകോ ഏറ്റെടുത്തു.

ഓണ്‍ലൈന്‍ വിപണിയില്‍ പുതിയ കുതിപ്പ് ലക്ഷ്യമിട്ട് സപ്ളൈകോ ഹോം ഡെലിവറി ആപ്പിന് തുടക്കമിട്ടു. ഡിസംബര്‍ ആദ്യവാരം ഹോം ഡെലിവറിക്ക് തുടക്കമാകും.

ആദ്യഘട്ടം തിരുവനന്തപുരത്തും തുടര്‍ന്ന് കൊച്ചിയിലും മാര്‍ച്ചില്‍ മറ്റു ജില്ലകളിലും ഹോം ഡെലിവറി ആരംഭിക്കും. തുടക്കത്തില്‍ സപ്ലൈകോ ഉത്പന്നങ്ങളും പിന്നീട് മത്സ്യഫെഡ്, ഹോര്‍ട്ടികോര്‍പ്പ് ഉത്പന്നങ്ങളും വീട്ടുപടിക്കലെത്തിക്കും.
കുടുംബശ്രീയോടും മറ്റും സഹകരിച്ച്‌ നടത്തിയിരുന്ന ഓണ്‍ലൈന്‍ വിതരണം കാര്യക്ഷമമാക്കാന്‍ വിതരണത്തിന്റെ മേല്‍നോട്ടച്ചുമതല സപ്ലൈകോ ഏറ്റെടുത്തു. വിവിധ ജില്ലകളിലെ 580 ഓളം സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാവും പ്രവര്‍ത്തനങ്ങള്‍. ടെന്‍ഡറിലൂടെ രണ്ടു സേവനദാതാക്കളെ തിരഞ്ഞെടുത്തു. കൊവിഡില്‍ കുടുംബശ്രീയുമായി ചേര്‍ന്ന് 95 വില്പന കേന്ദ്രങ്ങളില്‍ ഹോംഡെലിവറി സപ്ലൈകോ നടപ്പാക്കിയിരുന്നു. വാട്‌സ്‌ആപ്പ് വഴിയും ഫോണ്‍ വഴിയുമായിരുന്നു ബുക്കിംഗ്. ഒക്ടോബറില്‍ കരാര്‍ അവസാനിച്ചതോടെയാണ് പുതിയ സേവനദാതാക്കളെ കണ്ടെത്തിയത്.

24 മണിക്കൂറിനകം
സാധനങ്ങളെത്തും
പരാമവധി 24 മണിക്കൂറിനകം സാധനങ്ങള്‍ വീട്ടിലെത്തിക്കും. ഇതിനായി പ്രത്യേക ഡെലിവറി സംവിധാനമുണ്ടാകും. സബ്‌സിഡിയില്ലാത്ത സാധനങ്ങളാണ് വീടുകളില്‍ എത്തിക്കുക. സപ്ലൈകോയിലെ വിലയ്ക്കുതന്നെയാണ് സാധനങ്ങള്‍ വീട്ടിലെത്തിക്കുക.
ഡെലിവറി ഫീസ് മിനിമം 35 രൂപ. സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ്, ഹൈപ്പര്‍മാര്‍ക്കറ്റ് എന്നിവയുടെ 10 കിലോമീറ്റര്‍ ചുറ്റളവില്‍ വീടുകളില്‍ സാധനങ്ങള്‍ എത്തിച്ചുനല്‍കും. ഗൃഹോപകരണങ്ങള്‍ ഉള്‍പ്പെടെ വിതരണം ചെയ്യുന്നതും പരിഗണനയിലുണ്ട്.

''ഓണ്‍ലൈന്‍ വില്പനയിലൂടെ കുറഞ്ഞ നിരക്കിലുള്ള സപ്ലൈകോ ഉത്പന്നങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനാകും. കൊവിഡ് കാലത്ത് വലിയ പ്രതികരണം ഓണ്‍ലൈന്‍ വിപണിക്ക് കിട്ടിയിരുന്നു. ഹോം ഡെലിവറി കൂടുതല്‍ നേട്ടമാകും"