ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യുനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു.
നിലവില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തി വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യുന മര്‍ദ്ദമായി മാറി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ രാവിലെയോടെ ( നവംബര്‍ 11) തമിഴ്നാടിന്റെ വടക്കന്‍ തീരത്ത് കരയില്‍ പ്രവേശിക്കും. നവംബര്‍ 13 ന് ബംഗാള്‍ ഉള്‍ക്കടലില്‍ തെക്കന്‍ ആന്റമാന്‍ കടലില്‍ പുതിയ ന്യുനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയും കാലാവലസ്ഥാ വകുപ്പ് നല്‍കുന്നുണ്ട്.
കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല
ഇന്നും(നവംബര്‍ 10) നാളെയും തെക്ക്- പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, തെക്ക് ആന്ധ്രാ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
ഈ ദിവസങ്ങളില്‍ മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം, കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കളക്ടര്‍ അറിയിച്ചു.
മധ്യ -കിഴക്കന്‍ അറബിക്കടലിലെ തീവ്രന്യുന മര്‍ദ്ദം പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് നാളെ രാവിലെയോടെ ശക്തി കുറഞ്ഞു ന്യുനമര്‍ദ്ദമായി മാറും. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാന്‍ സാധ്യതയുള്ളതിനാല്‍ ഇന്ത്യന്‍ തീരത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം
കേരള തീരത്ത് നാളെ(നവംബര്‍ 11 ) രാത്രി 11.30 വരെ 2.5 മുതല്‍ 3.3 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം.
ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധനയാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിടണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണ്ണമായും ഒഴിവാക്കണം.
ജില്ലയില്‍ ഇന്നും (നവംബര്‍ 10) നവംബര്‍ 13, 14 തീയതികളിലും മഞ്ഞ അലര്‍ട്ട്
ഇന്നും(നവംബര്‍ 10), നവംബര്‍ 13, 14 തീയതികളിലും ജില്ലയില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുള്ളതിനാല്‍ ജില്ലയില്‍ ഈ ദിവസങ്ങളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും അപകട സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
