കണ്ണീരോടെ നാട്... ഒരു പ്രവാസിയുടെ കൂടി മടക്കയാത്ര ഇങ്ങനെയായിപ്പോയല്ലോ!

ജീവിതം കരുപ്പിടിപ്പിക്കാൻ കടൽ കടന്നു പോകുന്ന ഓരോരുത്തരും എത്രമാത്രം കഷ്ടപ്പാടുകളിലൂടെയും അപകടങ്ങളിലൂടെയുമാണ് കടന്നുപോകുന്നത് എന്നതിന്റെ ഏറ്റവും സങ്കടകരമായ ഓർമ്മപ്പെടുത്തലാണ് കോഴിക്കോട്ടുകാരൻ ഋഷികേശിന്റെ വിയോഗം.

വെറും 27 വയസ്സ്... പത്ത് വർഷത്തിലേറെയായി ആയോധനകലയിൽ (MMA) പരിശീലനം നേടിയ കരുത്തനായ ചെറുപ്പക്കാരൻ. 
മൂന്ന് വർഷം മുൻപാണ് ജ്യേഷ്ഠനൊപ്പം അവൻ കാനഡയിലേക്ക് പറന്നത്. ഒരുപാട് സ്വപ്നങ്ങളുണ്ടാകും ആ മനസ്സിൽ, കുടുംബത്തിനും നാടിനും അവനെക്കുറിച്ച് വലിയ പ്രതീക്ഷകളും.

പക്ഷേ, കാനഡയിലെ വടക്കൻ സസ്കാചവനിലെ യുറേനിയം ഖനി മേഖലയിൽ ജോലിക്കിടെ, അപ്രതീക്ഷിതമായെത്തിയ ഒരു കരടിയുടെ രൂപത്തിൽ മരണം അവനെ തട്ടിയകറ്റി. 

കൊടും കാടിന് നടുവിലെ ജോലിസ്ഥലത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയപ്പോൾ അവൻ ഒരിക്കലും കരുതിക്കാണില്ല, ആ മണ്ണിൽ അവനായി മരണം കാത്തുനിൽപ്പുണ്ടായിരുന്നുവെന്ന്. 

കൃത്യം ഒരു മാസത്തെ കാത്തിരിപ്പിനൊടുവിൽ ഇന്ന് പുലർച്ചെ അവൻ നാട്ടിൽ തിരിച്ചെത്തി... ചേതനയറ്റ ശരീരമായി.

നമ്മുടെയൊക്കെ പ്രിയപ്പെട്ടവർ ഇതുപോലെ ലോകത്തിന്റെ ഏതൊക്കെയോ കോണുകളിൽ, എന്തൊക്കെ പ്രതിസന്ധികളോട് മല്ലിട്ടാണ് പണിയെടുക്കുന്നത് എന്നോർക്കുമ്പോൾ ശരിക്കും നെഞ്ചുപിടയുകയാണ്.

 മതിയായ സുരക്ഷ പോലുമില്ലാതെയാണോ ആ കൊടുംകാട്ടിൽ കമ്പനി അവരെ ജോലിക്ക് വിട്ടത് എന്നത് ഉത്തരമില്ലാത്ത ഒരു ചോദ്യമായി അവശേഷിക്കുന്നു.

മാവൂർ റോഡ് സ്മൃതിപഥത്തിൽ അവൻ എരിഞ്ഞടങ്ങുമ്പോൾ, ആ കുടുംബത്തിന്റെ വലിയ ദുഃഖത്തിൽ നമുക്കും പങ്കുചേരാം.
പ്രണാമം.. 🌹