*വർക്കലയിൽ കൗൺസിലിങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സൈക്കോളജിസ്റ്റ് അറസ്റ്റിൽ.*

വർക്കല പുത്തൻചന്തയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ആശുപത്രിയിലെ സൈക്കോളജിസ്റ്റ് കൊല്ലം ഉമയനല്ലൂർ പടനിലത്തിൽ സന്തോഷ് സുകുമാരനെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.

അമ്മയോടൊപ്പം കൗൺസിലിങ്ങിനായി ആശുപത്രിയിൽ എത്തിയ പെൺകുട്ടിയെ മാതാവിൻറെ അസാന്നിധ്യത്തിൽ കൗൺസിലിംഗ് എന്ന വ്യാജേന മുറിക്കുള്ളിൽ പ്രവേശിപ്പിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയും പെൺകുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തുകയും ചെയ്തു.

പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതോടെ രക്ഷിതാക്കൾ മറ്റൊരു സൈക്കോളജിസ്റ്റിനെ സമീപിക്കുകയും തുടർന്ന് നടത്തിയ കൗൺസിലിങ്ങിൽ പീഡന വിവരം പുറത്ത് അറിയുകയുമായിരുന്നു.

തുടർന്ന് രക്ഷിതാക്കൾ വർക്കല പോലീസിൽ പരാതി നൽകുകയും പോലീസിന്റെ അന്വേഷണത്തിൽ കൗൺസിലിംഗ് എന്ന വ്യാജേന സൈക്കോളജിസ്റ്റ് പെൺകുട്ടിയെ പീഡിപ്പിച്ചതായി തെളിയുകയും തിരുവനന്തപുരത്ത് ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു..