വിവാഹാഭ്യർത്ഥന നിരസിച്ചു: സഹപ്രവർത്തകയെ ആക്രമിച്ച സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

​കൊല്ലം: സഹപ്രവർത്തകയോട് വിവാഹാഭ്യർത്ഥന നടത്തുകയും അത് നിരസിച്ചതിന് യുവതിയെ മർദിക്കുകയും ചെയ്ത സർക്കാർ ഉദ്യോഗസ്ഥൻ പിടിയിൽ. കേരള വാട്ടർ അതോറിറ്റിയിലെ ക്ലർക്കും വർക്കല ഇടവ സ്വദേശിയുമായ നിഷാദിനെയാണ് (40) കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
​​വിവാഹിതയായ സഹപ്രവർത്തകയുമായി സൗഹൃദത്തിലാകണമെന്നും തന്നെ വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ട് നിഷാദ് ദീർഘനാളായി യുവതിയെ ശല്യം ചെയ്തുവരികയായിരുന്നു. എന്നാൽ യുവതി ഇതിന് വഴങ്ങാൻ തയ്യാറായില്ല. ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചത്. പ്രതിയുടെ നിരന്തരമായ ശല്യം സഹിക്കവയ്യാതെ വന്നതോടെയാണ് യുവതി പോലീസിനെ സമീപിച്ചത്.
​​സംഭവത്തെക്കുറിച്ച് യുവതി കൊല്ലം സിറ്റി പോലീസ് കമ്മീഷണർക്ക് നേരിട്ട് പരാതി നൽകുകയായിരുന്നു. കമ്മീഷണറുടെ നിർദ്ദേശാനുസരണം കൊല്ലം ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു.
​മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാൾക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും മർദനത്തിനും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു